കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസില്‍ സമൂലമായ മാറ്റവുമായി ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ പതിപ്പായാണ് ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യുക. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഞായറാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മൈ ഐഡന്റിറ്റി ആപ് വഴി മാത്രമായിരിക്കും പ്രവാസികൾക്ക് ഇനി ലൈസന്‍സ് നൽകുകയെന്നും അധികൃതര്‍ അറിയിച്ചു. പ്രിന്റഡ് ലൈസൻസുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
പ്രവാസികൾ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയോ, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയോ അപേക്ഷിക്കണം. ലൈസൻസുകള്‍ പുതുക്കിയാല്‍ മൈ ഐഡന്റിറ്റി ആപ് വഴി സാധുത പരിശോധിച്ച് ഉറപ്പുവരുത്തണം. ലൈസന്‍സ് സാധുവാണെങ്കില്‍ ആപ്പില്‍ പച്ചയും അസാധുവായാല്‍ ചുവപ്പ് നിറത്തിലുമായിരിക്കും പ്രദര്‍ശിപ്പിക്കുക.
ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് യാത്രയാകുമ്പോള്‍ മാതൃ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗാർഹിക ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഡിജിറ്റല്‍ പതിപ്പിന്റെ കോപ്പി കൈവശം വെക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പ്രവാസികള്‍ക്ക് ഇഷ്യൂ ചെയ്ത എല്ലാ ലൈസന്‍സുകളും സൂക്ഷ്മപരിശോധന ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാര്‍ ശമ്പളവും, ബിരുദവും, രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധികള്‍. ജോലി മാറ്റമോ മറ്റോ ആയ കാരണങ്ങളാല്‍ ഈ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേല്പ്പിക്കേണ്ടതുണ്ട്.
ഡ്രൈവിങ് ലൈസൻസുകളുടെ അനാവശ്യ വർധനയും പൗരന്മാരും പ്രവാസികളും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.