കുവൈത്ത് സിറ്റി: പൊതു, സ്വകാര്യ ആശുപത്രികൾ ഒഴികെയുള്ള എല്ലാ ക്ലിനിക്കുകളിലും പ്ലാസ്റ്റിക് സർജറികളും ടാറ്റൂകളും നിരോധിക്കണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് അഞ്ച് എം.പിമാർ ദേശീയ അസംബ്ലിയിൽ നിർദേശം സമർപ്പിച്ചു. കരട് നിയമ നിർദേശം അനുസരിച്ച്, എല്ലാ പ്ലാസ്റ്റിക് സർജറി അഭ്യർഥനകളും പരിശോധിക്കണം. ഇതിനായി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക സമിതി രൂപവത്കരിക്കുകയും ആവശ്യം പഠിച്ചു മാത്രം അനുമതി നൽകുകയും വേണം.
കോസ്മെറ്റിക് നടപടിക്രമം നടത്തുന്നതിന് മുമ്പും ശേഷവും ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഡിപ്പാർട്മെന്റിനെ അറിയിക്കണമെന്നും എം.പിമാരായ മുഹമ്മദ് ഹയീഫ്, ഹംദാൻ അൽ അസ്മി, ഫഹദ് അൽ മസൂദ്, മുഹമ്മദ് അൽ മുതൈർ, ഹമദ് അൽ ഒബൈദ് എന്നിവർ സമർപ്പിച്ച നിയമനിർദേശത്തിൽ ആവശ്യപ്പെടുന്നു. വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിരോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട്. നിർദിഷ്ട നിയമത്തിന്റെ നിബന്ധനകൾ ലംഘിച്ചാൽ പരമാവധി അഞ്ച് വർഷത്തെ ജയിൽശിക്ഷയും അല്ലെങ്കിൽ കുറഞ്ഞത് 1,000 ദിനാർ പിഴയും നിർദേശം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.