കുവൈത്ത്-കോഴിക്കോട് യാത്രക്കാർ കുവൈത്ത് വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: മലയാളികളുടെ യാത്രാദുരിതം തുടരുന്നു. ഞായറാഴ്ച രാവിലെ കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയത് മുഴുവൻ യാത്രകളുടെയും താളംതെറ്റിച്ചു. 24 മണിക്കൂറിന് മുകളിൽ കണ്ണൂർ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. തുടർന്ന് തിങ്കളാഴ്ച ഉച്ച 12.30ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലാണ് കണ്ണൂർ യാത്രക്കാരെ നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനം മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലൂടെ വഴി തിരിച്ചുവിടുകയായിരുന്നു.
അതേസമയം, തിങ്കളാഴ്ച ഉച്ചയിലെ കോഴിക്കോട് വിമാനത്തിൽ കണ്ണൂർ യാത്രക്കാരെ ഉൾക്കൊള്ളിച്ചതോടെ ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവർ പുറത്തായി. ഇവരെ തിങ്കളാഴ്ച രാത്രി ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനം കുവൈത്തിലെത്തിച്ച് അതിൽ കയറ്റിവിടുകയായിരുന്നു.
കുവൈത്തിൽ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെടേണ്ട കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് IX 894 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്. 9.30ന് എമിഗ്രേഷൻ നടപടികൾ എല്ലാം പൂർത്തിയായതിന് പിറകെ സാങ്കേതികത്തകരാർമൂലം വൈകീട്ട് ആറിനേ പുറപ്പെടൂ എന്ന അറിയിപ്പാണ് ആദ്യം വന്നത്. അത് രാത്രി 10.30, 12.30 എന്നിവയിലേക്ക് മാറ്റുകയും ഒടുക്കം റദ്ദാക്കിയതായി അറിയിക്കുകയുമായിരുന്നു.
ഇതിനിടെ, അത്യാവശ്യയാത്രക്കാർ ടിക്കറ്റ് റദ്ദാക്കി തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്കും കണ്ണൂരും എത്താൻ ഇവർക്ക് അധിക ചെലവും സമയനഷ്ടവുമുണ്ടായി.
കണ്ണൂർ വിമാനം റദ്ദാക്കിയത് കോഴിക്കോട് യാത്രക്കാരെയും വട്ടംകറക്കി. തിങ്കളാഴ്ച രാവിലെ 11.30 എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റെടുത്തവരിൽ ഭൂരിപക്ഷത്തിനും രാവിലെ പോകാനായില്ല. ഞായറാഴ്ചയിലെ കണ്ണൂർ യാത്രക്കാരെ ഉൾക്കൊള്ളിച്ചതോടെ സീറ്റു നിറഞ്ഞു. മുതിർന്ന പൗരന്മാർ, ഫാമിലി, രോഗികൾ എന്നിവർക്കാണ് ആദ്യപരിഗണന ലഭിച്ചത്. ഇതേവിമാനം മംഗളൂരു, കണ്ണൂർ വഴി തിരിച്ചുവിട്ടതോടെ ഇവർക്ക് യാത്രാസമയം കൂടുകയും ചെയ്തു.
പുറത്തായ 60 ലേറെ പേർ വൈകീട്ടുവരെ വിമാനത്താവളത്തിൽ കഴിയേണ്ടിയും വന്നു. തുടർന്ന് രാത്രി ദുബൈ-കോഴിക്കോട് വിമാനം കുവൈത്തിലെത്തി ഇവരെ കൂടി കയറ്റി പറക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വൈകും. രാവിലെ 9.55ന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് 3.05ന് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം. ഇതോടെ അഞ്ചുമണിക്കൂർ വൈകിയായിരിക്കും വിമാനം പുറപ്പെടുക.
കുവൈത്തിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം വൈകിയതിനാൽ കണക്ഷൻ ഫ്ലൈറ്റ് മിസായത് മലയാളി കുടുംബത്തെ ഷാർജയിൽ കുടുക്കി. ഞായറാഴ്ച വൈകീട്ട് കുവൈത്തിൽനിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ പുറപ്പെട്ട മുഹമ്മദ് മുനാസിനും കുടുംബത്തിനുമാണ് ദുരിതം. വൈകീട്ട് 6.30ന് പുറപ്പെടേണ്ട വിമാനം എട്ടുമണിയോടെയാണ് കുവൈത്തിൽ പുറപ്പെട്ടത്. ഏറെ വൈകി 11.30 കഴിഞ്ഞാണ് ഷാർജയിൽ എത്തിയത്.
ഇതോടെ 9.45നുള്ള കോഴിക്കോട് കണക്ഷൻ വിമാനം മുനാസിനും കുടുംബത്തിനും ലഭിച്ചില്ല. ഭാര്യയും 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഏഴുവയസ്സുള്ള മറ്റൊരു മകനും മുനാസിനൊപ്പം ഉണ്ടായിരുന്നു. വിമാനം വൈകിയത് ഇവരെയെല്ലാം ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി ഹോട്ടലിലേക്ക് മാറാനും തിങ്കളാഴ്ച രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട് എത്തിക്കാമെന്നുമാണ് വിമാന അധികൃതർ അറിയിച്ചത്.
തിങ്കളാഴ്ച വൈകീട്ടുവരെ അനിശ്ചിതത്വം നിലനിന്നതും ഭക്ഷണകാര്യങ്ങളിലടക്കം അശ്രദ്ധയോടെയുള്ള അധികൃതരുടെ ഇടപെടലും പ്രയാസം തീർത്തയായി മുനാസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10ഓടെ ഷാർജ-കോഴിക്കോട് വിമാനത്തിൽ മുനാസും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
വിമാനം പ്രതീക്ഷിച്ച് ഒരു പകലും രാത്രിയുമാണ് കുവൈത്ത്-കണ്ണൂർ യാത്രക്കാർ കാത്തിരുന്നത്. ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടുന്ന വിമാനത്തിനായി ആറുമണിയോടെ ഭൂരിപക്ഷവും വിമാനത്താവളത്തിൽ എത്തിയിരുന്നു.
അസുഖബാധിതരും കുട്ടികളും കുടുംബവും അടങ്ങുന്ന യാത്രക്കാരും ഇതിൽ ഉണ്ടായിരുന്നു. ക്രിസ്മസ് രാത്രി വീട്ടിലെത്താമെന്ന പ്രതീക്ഷയിൽ യാത്രക്കൊരുങ്ങിയവർക്കും വിമാനം മുടങ്ങിയത് തിരിച്ചടിയായി.
ആശുപത്രിയിൽ അത്യാസന്ന നിലയിലുള്ള മാതാവിനെ കാണാൻ അടിയന്തരമായി മംഗളൂരുവിലേക്ക് ടിക്കറ്റെടുത്ത യുവാവും യാത്രക്കാരിലുണ്ടായിരുന്നു. വിമാനം ഉടൻ പുറപ്പെടുമെന്ന പ്രതീക്ഷയിൽ രാവിലെ വരെ കാത്തിരുന്ന ഇയാൾ ഒടുവിൽ തിങ്കളാഴ്ച രാവിലെ കുവൈത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.