കുവൈത്ത് സിറ്റി: ഇറാഖ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ അനുമതിയില്ലാതെ വേട്ടയാടുന്നത് അനുവദിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വേട്ടയാടൽ ആവശ്യത്തോടെ ഇറാഖിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഇറാഖി അധികാരികളിൽ നിന്ന് ഔദ്യോഗിക പെർമിറ്റ് നേടണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
അനുമതിയില്ലാതെ വേട്ടയാടാൻ ശ്രമിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചുവരുന്നതായും ഇത് ഗുരുതര നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാഖി നിയമങ്ങൾ ലംഘിക്കുന്നവർക്ക് വാഹനങ്ങൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വേട്ടയാടാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടൽ, ആയുധങ്ങൾ, പക്ഷികൾ, അനുബന്ധ വേട്ടയാടൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കൽ എന്നിവയും ഉണ്ടാകാം.
ഇറാഖി നിയമം അനുസരിച്ചുള്ള മറ്റു നടപടികളും നേരിടേണ്ടി വന്നേക്കാം. ഇത്തരം നിയമലംഘനം തെളിഞ്ഞാൽ കുവൈത്തിലേക്ക് മടങ്ങിയ ശേഷവും ആഭ്യന്തര നിയമപ്രകാരം നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
വിദേശയാത്രയ്ക്ക് മുൻപ് ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളിൽ നിന്ന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തേടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.