കുവൈത്ത് സിറ്റി: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് മിനിറ്റുകൾക്കകം കാലിയായി. രണ്ട് ഇടപാടുകളിലായി നഷ്ടപ്പെട്ടത് 226.5 ദീനാർ. ജഹ്റ പ്രദേശത്തെ പ്രവാസിയാണ് വൻ തട്ടിപ്പിൽപ്പെട്ടത്. ഒരു ഉൽപന്നത്തിന് ആകർഷണീയമായ വില നൽകിയുള്ള തട്ടിപ്പുകാരുടെ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് മുഴുവൻ ബാങ്ക് ബാലൻസും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) പങ്കിടാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് കാലിയാകുകയായിരുന്നു.
കുറഞ്ഞ വിലയിലുള്ള ഉൽപന്നത്തിന്റെ പരസ്യം സമൂഹ മാധ്യമത്തിൽ കണ്ട 54 കാരൻ പേയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. പക്ഷേ ഇടപാട് പൂർത്തിയായില്ലെന്ന സന്ദേശമാണ് ലഭിച്ചത്. എന്നാൽ നിമിഷങ്ങൾക്കുശേഷം രണ്ട് വ്യത്യസ്ത ഇടപാടുകളിലായി ബാങ്ക് അക്കൗണ്ടിൽനിന്ന് 226.5 കുവൈത്ത് ദീനാർ പിൻവലിച്ചതായി കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പ് രാജ്യത്ത് വ്യാപകമാണ്. കുറഞ്ഞ വിലക്ക് ഉൽപന്നങ്ങൾ വിൽക്കുന്ന പരസ്യങ്ങളുമായാണ് ഇത്തരക്കാരുടെ തട്ടിപ്പ്.
പ്രമുഖ കമ്പനികളുടെ വ്യാജ പതിപ്പുമായി സോഷ്യൽ മീഡിയയിൽ ഓൺലൈൻ തട്ടിപ്പുകാരും സജീവമാണ്. പ്രശസ്ത ബ്രാൻഡുകളെ അനുകരിക്കുന്ന അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് മറ്റൊരു തട്ടിപ്പ്. നിരവധി പേരാണ് ഈ തട്ടിപ്പിൽ അകപ്പെടുന്നത്. അക്കൗണ്ട് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാതെ പലരും ഇവരുടെ വലയിൽ വീഴുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.