കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി പിടിയിലായി. കൊച്ചിയിൽനിന്ന് അബൂദബി വഴി പുതുതായി കുവൈത്തിലെത്തിയ കാസർകോട് പെരള സ്വദേശി അർഷാദാണ് നാലുകിലോ കഞ്ചാവുമായി അറസ്റ്റിലായത്. ശുെഎബ് എന്നയാൾ കൊടുത്തുവിട്ടതാണെന്നാണ് ഇദ്ദേഹം പറയുന്നത്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നറിഞ്ഞിട്ടും തുടർച്ചയായി ആളുകൾ ഇത്തരം കെണിയിലകപ്പെടുന്നത് ആവർത്തിക്കുകയാണ്. ചതിയിലകപ്പെട്ടതാണെന്ന പതിവ് ന്യായീകരണം അധികൃതർക്ക് സ്വീകാര്യമാവില്ല.
പല കേസുകളിലും ഇത്തരം വാദങ്ങൾ തന്നെ വിശ്വസനീയമല്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 1964 മുതൽ തന്നെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തും വിൽപനയും അതിന് തക്കതായ കുറ്റങ്ങളായി പരിഗണിച്ചിരുന്നില്ല. എന്നാൽ, മയക്കുമരുന്ന് കടത്തലും ഉപയോഗവും തകൃതിയായതോടെ 1997 മേയിൽ വരുത്തിയ ഭേദഗതി പ്രകാരം ഈ കുറ്റത്തിനും വധശിക്ഷ വിധിച്ചുതുടങ്ങി. ഇതുവരെ 10 പേർ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്. 2006 ജൂലൈ 11ന് തൂക്കിലേറ്റപ്പെട്ട ശകറുല്ല അൻസാരിയാണ് മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധേയനായ ഏക ഇന്ത്യക്കാരൻ.
നിരോധിത ഗുളിക കൊണ്ടുവന്നതിന് പിടിയിലായ കാസർകോട് സ്വദേശി റാഷിദ് അഞ്ചുവർഷത്തെ തടവ് ശിക്ഷ ലഭിച്ച് ജയിലിലാണ്. ഇൗ കേസിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ചും നിയമസഹായം ഏർപ്പെടുത്തിയും ഏറെ പരിശ്രമിച്ചിട്ടും റാഷിദിനെ പുറത്തിറക്കാനായിട്ടില്ല. കുവൈത്തിൽ മയക്കുമരുന്നു കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു മലയാളികൾക്ക് ഏപ്രിൽ മാസത്തിൽ ശിക്ഷയിളവ് നൽകിയിരുന്നു. ഇതിന് ശേഷം വിപുലമായ രീതിയിൽ ബോധവത്കരണം നടത്തിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിരാശജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.