കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 9680 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 1379 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 242,848 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 1234 പേർ ഉൾപ്പെടെ 2,27,260 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,205 പേരാണ് ചികിത്സയിലുള്ളത്. 226 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 19 പേർ വർധിച്ചു. നാലുപേർകൂടി മരിച്ചു. ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1383 പേരാണ്. ഇതുവരെ രാജ്യത്ത് 21,31,155 പേർക്ക് വൈറസ് പരിശോധന നടത്തി.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ടായിരുന്നു. വ്യാഴാഴ്ച മരണസംഖ്യ കുറഞ്ഞത് ആശ്വാസമായി.
കർഫ്യൂ ലംഘനം: 21 പേർകൂടി അറസ്റ്റിൽ
15 കുവൈത്തികളും ആറു വിദേശികളുമാണ് പിടിയിലായത്
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 21 പേർകൂടി അറസ്റ്റിലായി. 15 കുവൈത്തികളും ആറു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ അഞ്ചുപേർ, ഫർവാനിയ ഗവർണറേറ്റിൽ മൂന്നുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരാൾ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
കുവൈത്തിൽ നടക്കാൻ അനുമതി രാത്രി എട്ടുവരെ മാത്രം
രാത്രി പത്തുവരെ നടക്കാൻ അനുമതി റമദാനിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ അനുമതി രാത്രി എട്ടുവരെ മാത്രം. രാത്രി പത്തുവരെ നടക്കാൻ അനുമതി നൽകുന്നത് റമദാനിലാണ്. നേരത്തെ ഏപ്രിൽ എട്ടുമുതൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്ക് പുറത്തുപോകാനും പാടില്ല. ഇപ്പോൾ റസ്റ്റാറൻറുകളിലെ ഡെലിവറി സമയവും സഹകരണ സംഘങ്ങളിലെ ഷോപ്പിങ് അപ്പോയ്ൻറ്മെൻറും രാത്രി ഏഴുമുതൽ പത്തുവരെയാണ്.
റമദാനിൽ ഷോപ്പിങ് അപ്പോയ്ൻറ്മെൻറ് രാത്രി ഏഴുമുതൽ 12 വരെയും റസ്റ്റാറൻറ് ഡെലിവറി രാത്രി ഏഴുമുതൽ പുലർച്ച മൂന്നുവരെയുമാക്കും. ഏപ്രിൽ 22 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. നീട്ടണോ എന്നത് കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭ തീരുമാനിക്കും. കർഫ്യൂ സമയമാറ്റം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായി. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് പുതിയ കർഫ്യൂ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.