കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ പ്രതിപക്ഷ അംഗത്തിന് കോടതി വിധിയിലൂടെ എം.പി സ്ഥാനം നഷ്ടമായി. നാഷനൽ അസംബ്ലിയിൽ നാലാം മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മർസൂഖ് അൽ ഖലീഫക്കാണ് ഭരണഘടനാ കോടതി വിധിയെ തുടർന്ന് എം.പി സ്ഥാനം നഷ്ടമായത്. തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിെൻറ എതിർ സ്ഥാനാർഥി ആയിരുന്ന ഫർറാജ് അൽ അർബീദിനെ നാലാം മദാലത്തിൽനിന്നുള്ള എം.പിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. പാർലമെൻറ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ച ഭരണഘടനാ കോടതിയാണ് നാലാം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന ഫർറാജ് അൽ അർബീദിെൻറ പരാതി സ്വീകരിക്കുകയും അദ്ദേഹത്തെ എം.പിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ഇതേ മണ്ഡലത്തിൽ നേരത്തേ വിജയിയായി പ്രഖ്യാപിച്ച മർസൂഖ് അൽ ഖലീഫയുടെ പാർലമെൻറ് അംഗത്വം കോടതി അസാധുവാക്കുകയും ചെയ്തു.
ബുധനാഴ്ച ചേർന്ന ഭരണഘടനാ കോടതിയാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. ഇതോടൊപ്പം വിവിധ മണ്ഡലങ്ങളിൽനിന്ന് തോറ്റ സ്ഥാനാർഥികൾ സമർപ്പിച്ച മറ്റു തെരഞ്ഞെടുപ്പ് പരാതികൾ കോടതി തള്ളുകയും ചെയ്തു. ഇതിന് പുറമെ പൊതു തെരഞ്ഞെടുപ്പിലൂടെ 2016ൽ നിലവിൽവന്ന പാർലമെൻറിന് നിയമസാധുതയില്ലെന്നും അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും ഭരണഘടനാ കോടതി തള്ളി.
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് 10 പരാതികളും പാർലമെൻറ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് 42 പരാതികളുമാണ് ആകെ സമർപ്പിക്കപ്പെട്ടത്. 2016 നവംബർ 26ന് ആണ് 15ാം പാർലമെൻറിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് കുവൈത്തിൽ പൊതു തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനംവരെയാണ് സ്ഥാനാർഥികൾക്ക് പരാതികൾ നൽകുന്നതിന് സമയം അനുവദിച്ചത്. എല്ലാ പരാതികളിലും വിധി പറയുന്നത് 2017 മേയ് മൂന്നിലേക്ക് ഭരണഘടനാ കോടതി മാറ്റിവെക്കുകയായി
രുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.