വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം
കുവൈത്ത് സിറ്റി: 'കട്ടൻ ചായയും വോട്ടുചർച്ചയും' തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ചർച്ച സംഗമം നടത്തി. കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ്, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി, വർക്കിങ് കമ്മിറ്റി അംഗം അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. രാജ്യത്തെ ധ്രുവീകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കെതിരെ മതേതര മുന്നണികൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും ജനപക്ഷ ബദൽ വളർന്നുവരുന്നത് പ്രതീക്ഷയാണെന്നും അൻവർ സഇൗദ് പറഞ്ഞു. ബി.ജെ.പിക്ക് നേരിയ വിജയസാധ്യതയുള്ള ഇടങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാതെ വിജയസാധ്യതയുള്ളവർക്ക് പിന്തുണ നൽകുകയാണ്. ഇത്തരമൊരു നിലപാട് സ്വീകരിക്കാതെ ചെറുകക്ഷികൾ മത്സരിച്ച് വോട്ട് ഭിന്നിപ്പിക്കുന്നുവെന്ന് വാദിക്കുന്നത് ആത്മാർഥതയില്ലാതെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിലെ ക്രിയാത്മക പ്രതിപക്ഷ ധർമം നിറവേറ്റുന്നത് വെൽഫെയർ പാർട്ടിയാണെന്നും ഷൗക്കത്ത് വളാഞ്ചേരി അഭിപ്രായപ്പെട്ടു. നിലപാടുകൾ അടിയറവെച്ച് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനോ അന്ധമായി പിന്തുണ നൽകാനോ വെൽഫെയർ പാർട്ടി തയാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന നിരവധി ഇടപാടുകൾ ദുരൂഹവും അഴിമതിയുടെ ദുർഗന്ധം വമിക്കുന്നതും ആയിരുന്നുവെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു. മദ്യമാഫിയക്കും ഭൂമാഫിയക്കും സംഘ്പരിവാറിനുമാണ് എൽ.ഡി.എഫ് ഉറപ്പുനൽകുന്നതെന്നും ജനങ്ങളെ വഞ്ചിക്കുന്ന ഉഡായിപ്പാണ് വെൽഫെയർ പാർട്ടി തുറന്നുകാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കെ.വി. ഫൈസൽ അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.