കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ ഭീതി അവസാനിക്കുന്നു. കോവിഡ് പോസിറ്റിവാകുന്ന കേസുകൾ വ്യാപകമായി കുറഞ്ഞു. ജൂലൈ അവസാനത്തിലെ റിപ്പോർട്ട് പ്രകാരം രോഗബാധിതരുടെ എണ്ണം 100ൽ താഴെ എത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ടുചെയ്തു.
ജൂലൈ മധ്യത്തിൽ 603 കേസ് റിപ്പോർട്ട് ചെയ്തു. ഇതിൽ നിന്നാണ് നൂറിന് താഴേക്ക് എത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ഒരു ഘട്ടത്തിൽ 20 ശതമാനത്തിലെത്തിയ ശേഷം അണുബാധനിരക്ക് ഗണ്യമായി കുറഞ്ഞു ഏകദേശം അഞ്ച് ശതമാനത്തിലെത്തി. ക്രിട്ടിക്കൽ കെയറിലെ രോഗികളുടെ എണ്ണം ജൂലൈ തുടക്കത്തിൽ 10ൽ നിന്ന് അഞ്ചായി കുറഞ്ഞപ്പോൾ, രോഗശമനവും 0.4 ശതമാനം വർധിച്ച് 99.4 ശതമാനത്തിലെത്തി. മുൻമാസം ഇത് 99 ശതമാനമായിരുന്നു. പൊതുജന ബോധവത്കരണത്തിന്റെയും പ്രതിരോധ കുത്തിവെപ്പിന്റെയും ഫലമായി രാജ്യം പ്രതിരോധശേഷി നേടിയിട്ടുണ്ട്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ രാജ്യം ഉണർന്നു പ്രവർത്തിച്ചിരുന്നു. ലോക്ഡൗൺ നടപ്പാക്കിയും ലോകാരോഗ്യസംഘടന നിർദേശങ്ങൾ പാലിച്ചും മഹാമാരിയുടെ വ്യാപനം തടയാൻ ശ്രമം നടത്തി. സർക്കാർ സംവിധാനങ്ങളും അടിയന്തിര ഘട്ടത്തെ നേരിടാനുള്ള കമ്മിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി.
പുറത്തുനിന്നെത്തുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. നിർബന്ധിത ക്വാറന്റീന് വിധേയമാക്കി. 2020 മാർച്ച് 22 രാജ്യത്ത് ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി.
ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഉൾപ്പെടെ ക്വാറന്റീൻ സെന്ററുകളാക്കി. 2020 ഡിസംബറിൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ച് പൂർണമായി നടപ്പാക്കി.
രോഗവ്യാപനവും ലക്ഷണങ്ങളും കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിൽ ആയി. ജനങ്ങളുടെ ഭീതി ഒഴിഞ്ഞു. കോവിഡ് കാലത്തിന്റെ അടയാളമായിരുന്ന മാസ്കും മുഖത്തുനിന്നും അപ്രത്യക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.