കുവൈത്ത് സിറ്റി: യാത്രക്കാർക്ക് ആഡംബരവും സൗകര്യവും ഉറപ്പാക്കി കുവൈത്ത് എയർവേസ് 'എലൈറ്റ് സർവിസ്' പ്രീമിയം പദ്ധതി. ന്യൂയോർക്കിലേക്കുള്ള യാത്രക്കാർക്ക് ഒഴികെ മറ്റെല്ലാവർക്കും ഈ സേവനം ലഭ്യമാകും. വീട്ടിലിരുന്നുതന്നെ യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന സമഗ്രമായ പാക്കേജാണിത്. ബാഗേജ് തൂക്കാനുള്ള സൗകര്യം, ബോർഡിങ് പാസുകൾ ലഭ്യമാക്കുന്നത്, വീട്ടിൽനിന്ന് യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നത്, ടെർമിനൽ 4ൽ ഊഷ്മളമായ സ്വീകരണം എന്നിവയെല്ലാം ഇതിളുൾപ്പെടുന്നു.
ടെർമിനൽ 4ൽ വേഗത്തിലുള്ള ചെക്ക്-ഇൻ, പുറപ്പെടുന്നതിനു മുമ്പ് എലൈറ്റ് ലോഞ്ചിലേക്കുള്ള പ്രവേശനം, പാസഞ്ചർ ബ്രിഡ്ജ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വിമാനത്തിലേക്ക് ഗ്രൗണ്ട് ട്രാൻസ്പോർട്ട്, തിരിച്ചെത്തുമ്പോൾ വി.ഐ.പി സ്വീകരണം, എയർപോർട്ട് നടപടികളിൽ സഹായം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
ജനങ്ങളുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എലൈറ്റ് സർവിസെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു. യാത്രക്കാരുടെ സംതൃപ്തിക്ക് കുവൈത്ത് എയർവേസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അൽ ഫഖാൻ ഊന്നിപ്പറഞ്ഞു. സുഖകരവും ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കാൻ മികച്ച സേവനങ്ങളും വിമാനത്തിൽ വിനോദ സൗകര്യങ്ങളും ഒരുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ കുവൈത്ത് എയർവേയ്സ് മൊബൈൽ ആപ് വഴിയോ വെബ്സൈറ്റ് വഴിയോ എലൈറ്റ് സർവിസ് ബുക്ക് ചെയ്യാം. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വീട്ടിൽവെച്ച് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുകയും തുടർന്ന് യാത്രക്കാരെ ടെർമിനൽ 4ലേക്ക് എത്തിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.