കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്. പോയ വാരം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ തിങ്കളാഴ്ച 13,790 കിലോവാട്ടിന് മുകളിലാണ് വൈദ്യുതി ഉപഭോഗം. വെള്ളം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജലം -വൈദ്യുതി മന്ത്രാലയം അഭ്യർത്ഥിച്ചു. ചൂടിന് കാഠിന്യം വർധിക്കുന്നതിനനുസരിച്ച് എയർകണ്ടീഷനുകൾ കൂടുതലായി പ്രവർത്തിക്കുന്നതാണ് വൈദ്യുതി ഉപയോഗം കൂടുന്നതിന് പ്രധാനകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിൽ 14,500 കിലോവാട്ട് വരെ ഉപയോഗം കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
16000 കിലോവാട്ട് വൈദ്യുതിയാണ് നിലവിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ഉപഭോഗം കൂടുന്നതിനനുസരിച്ച് ഉപഭോഗവും ഉൽപാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട്. ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കുകയാണ് പരിഹാരമെന്നും അധികൃതർ നിർദേശിച്ചു. വാഹനം കഴുകൽ, പുൽത്തകിടികൾ നന്നാക്കൽ തുടങ്ങിയവക്ക് അമിതമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. മിതവ്യയം സർക്കാർ നയമാണെന്നും അമിതമായി ജലം, വൈദ്യുതി എന്നിവ പാഴാക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വൈദ്യുതിനിരക്കിൽ കാലോചിതമായ വർധന ആവശ്യമായിരിക്കുകയാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷാഹിരി സൂചിപ്പിച്ചു. സഹകരണ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് അഞ്ച് ഫിൽസ് ആയും 1000 ഗാലൻ വെള്ളത്തിന് 800 ഫിൽസ് രണ്ടു ദീനാർ ആയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.