കുവൈത്ത് സിറ്റി: സ്ത്രീകളെ ശാക്തീകരിക്കുന്നതിലും കാലാവസ്ഥ വ്യതിയാന പ്രതിസന്ധി പരിഹരിക്കുന്നതിൽ അവരുടെ പങ്ക് വർധിപ്പിക്കുന്നതിലും ഗുണപരമായ ചുവടുവെപ്പുമായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി (കെ.ഇ.പി.എസ്). ‘വിമൻസ് ഗൈഡ് ടു ക്ലൈമറ്റ് ആക്ഷൻ ആൻഡ് ഷെയേർഡ് റെസ്പോൺസിബിലിറ്റി’ എന്ന പുസ്തകം കെ.ഇ.പി.എസ് പുറത്തിറക്കി.
പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സമഗ്രമായി വെളിച്ചം വീശുന്നതാണ് പുസ്തകം. ശാസ്ത്രീയ വിവരങ്ങൾ, സാമൂഹിക വിശകലനം, കാലാവസ്ഥ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ അറബ് സ്ത്രീകളുടെ അനുഭവങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്.
കുവൈത്ത്, ഈജിപ്ത്, ബഹ്റൈൻ, യു.എ.ഇ, തുനീഷ്യ, ലബനാൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള 11 അറബ് വനിതാ എഴുത്തുകാരുടെ പങ്കാളിത്തവുമുണ്ട്. കാലാവസ്ഥ വ്യതിയാനവും സ്ത്രീകളിൽ അതിന്റെ സ്വാധീനവും അനുഭവങ്ങളും വീട്ടിൽ സുസ്ഥിരത ആശയങ്ങൾ പ്രയോഗിക്കുന്നതിനുള്ള പ്രായോഗിക കുറിപ്പുകളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ പുസ്തകം അഭിസംബോധന ചെയ്യുന്നതായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി സെക്രട്ടറി ജനറൽ ജെനാൻ ബെഹ്സാദ് പറഞ്ഞു.
നാഷനൽ അസോസിയേഷൻ ഫോർ ഫാമിലി സെക്യൂരിറ്റിയുമായി സഹകരിച്ച് ‘കാലാവസ്ഥ വ്യതിയാനത്തിനും സുസ്ഥിര വികസനത്തിനും ഇടയിലുള്ള സ്ത്രീകൾ’ എന്ന തലക്കെട്ടിൽ അസോസിയേഷൻ സംഘടിപ്പിച്ച വർക് ഷോപ്പിലെ ശിപാർശകളുടെ ഫലമായാണ് ഈ പുസ്തകം പുറത്തിറങ്ങിയതെന്നും ജെനാൻ ബെഹ്സാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.