സാൽമിയ: വിദ്യാർഥികൾ സഹപാഠികളിൽനിന്നോ ബന്ധുക്കളിൽനിന്നോ ഉള്ള മാർഗ നിർദേശമനുസരിച്ചല്ല, കഴിവിന് അനുസരിച്ചുള്ള തൊഴിൽ മേഖലയും കോഴ്സുകളുമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് പ്രമുഖ അന്താരാഷ്ട്ര പരിശീലകനും ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറുമായ ഡോ. സംഗീത് ഇബ്രാഹിം പറഞ്ഞു. കുവൈത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സിജി കുവൈത്ത് ചാപ്റ്റർ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച കരിയർ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളിലുള്ള കഴിവുകളും അഭിരുചിയും കുട്ടികൾ ശാസ്ത്രീയമായി കണ്ടെത്തണം. ഉദ്യോഗാർഥിയുടെ വൈദഗ്ധ്യമാണ് തൊഴിലുടമക്ക് വേണ്ടത്, അല്ലാതെ അവരുടെ പാഷനല്ല. കുടുംബത്തിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനോ മത്സരിക്കാനോ ആകരുത് കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിജി കുവൈത്ത് ചെയർമാൻ ഡോ. അമീർ അഹ്മദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി അഭിരുചി നിർണയ പരീക്ഷ നടത്തി.
ആറു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ കുട്ടികളുടെ നൈസർഗിക കഴിവുകളെ കണ്ടെത്താൻ സഹായിച്ചു. അഭിരുചി പരീക്ഷയിലെ ഫലത്തിെൻറ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുമായും അവരുടെ രക്ഷിതാവുമായും കേരളത്തിൽനിന്നെത്തിയ പ്രമുഖ പരിശീലകൽ കബീർ പരപൊയിൽ കൗൺസലിങ് നടത്തി. ഓരോ വിദ്യാർഥിക്കും അര മണിക്കൂർ വീതമുള്ള കൗൺസലിങ് മൂന്നുദിവസം നീണ്ടു. പരീക്ഷക്കും കൗൺസലിങ്ങിനും സിജി കുവൈത്ത് ചാപ്റ്റർ ഭാരവാഹികളായ എ.കെ. അഷ്റഫ്, അഷ്റഫ് വാക്കത്ത്, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ അബ്ദുൽ ജബ്ബാർ, അബ്ദുറഹ്മാൻ, മഹ്നാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.