മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ ക്രിസ്മസ് രാവിൽ അലങ്കാര ദീപങ്ങൾ മിഴിതുറന്നപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ പൊലിമയില്ലാത്ത ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഡിസംബർ 24 മുതൽ ജനുവരി 10 വരെ ചർച്ചുകൾ, പ്രാർഥനാകേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും ആഘോഷങ്ങളും ഒത്തുകൂടലും വിലക്കിയും സർക്കാർ ഉത്തരവുണ്ട്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ചർച്ചുകളിലെ പ്രത്യേക പ്രാർഥനകൾ മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വേണ്ടെന്നുവെച്ചു.
പള്ളികളിൽ പ്രാർഥന നടത്തിയും തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ട് പരസ്പരം ആശംസ നേർന്നും മധുരം നൽകിയും നിർവൃതികൊള്ളാറുള്ള വിശ്വാസികൾ ഇത്തവണ ഒാൺലൈൻ പരിപാടികളിൽ സായൂജ്യം കണ്ടെത്തി. ക്രിസ്തുവിെൻറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിെൻറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും ഒാൺലൈൻ പരിപാടികളിൽ പിതാക്കന്മാർ ഉണർത്തി. മഹാമാരിയിൽനിന്ന് ലോകം എത്രയും വേഗം മുക്തി നേടെട്ടയെന്ന് പ്രാർഥിച്ചു.
തെരുവുകളും താമസയിടങ്ങളും പ്രകാശഭരിതമാക്കി താരകങ്ങൾ തിളങ്ങിനിന്നു. സൗഹാർദത്തിെൻറ തെളിമയാർന്ന മാതൃകയായി മറ്റു സമുദായാംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സന്തോഷത്തിൽ പങ്കുകൊണ്ടു. കുവൈത്തിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ ഒാൺലൈനായി വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയത്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സര പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നു. പാട്ടും മേളവുമായി വീടുതോറും കയറിയിറങ്ങുന്ന കരോൾ സംഘങ്ങൾ സജീവമാകാറുണ്ട് സാധാരണ പ്രവാസലോകത്തെ ക്രിസ്മസ് നാളുകൾ. എന്നാൽ, ഇത്തവണ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പുതിയ വൈറസ് വകഭേദം സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് കുവൈത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പൊതു പരിപാടികൾ നടത്താൻ കഴിഞ്ഞില്ല.ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ൈക്രസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.