കുവൈത്ത് സിറ്റി: നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന് ഡെപ്യൂട്ടി അമീറിന്റെ ചുമതല. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചു. അമീർ രാജ്യത്തിന് പുറത്തായിരിക്കുന്ന സന്ദർഭങ്ങളിൽ അമീറിന്റെ അഭാവത്തിൽ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹാവും അമീറിന്റെ ചുമതല നിർവഹിക്കുക. രാജി സമർപ്പിച്ച പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനായിരുന്നു ഇതുവരെ ഡെപ്യൂട്ടി അമീർ ചുമതല.
ഞായറാഴ്ച അമീറുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഡെപ്യൂട്ടി അമീറായി സത്യപ്രതിജഞ ചെയ്തു. അമീരി ദിവാനും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 15നാണ് ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനെ പുതിയ പ്രധാനമന്ത്രിയായി അമീർ നിയമിച്ചത്. പുതിയ മന്ത്രിസഭ അംഗങ്ങളെ നിയമിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. 1952ൽ ജനിച്ച ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് ധനകാര്യം, വാർത്താവിനിമയം, കമ്യൂണിക്കേഷൻസ്, ആസൂത്രണം, ആരോഗ്യം, എണ്ണ തുടങ്ങിയ വകുപ്പുകളിൽ ദീർഘകാലം മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. കിരീടാവകാശിയുടെ ദീവാനി തലവനായും സേവനം ചെയ്തിട്ടുണ്ട്. കുവൈത്ത് ഫിനാൻസ് സെന്റർ, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്, ബർഗൻ ബാങ്ക് എന്നിവിടങ്ങളിലും വിവിധ ചുമതലകൾ വഹിച്ചു. അതേസമയം, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ ഉടൻ രൂപപ്പെടുത്തുമെന്നാണ് സൂചന. ഈ ആഴ്ച തന്നെ ഇതിൽ വ്യക്തത ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.