കുവൈത്ത് സിറ്റി: കുവൈത്തിൽ ചെക്ക് ഇടപാടുകൾ നാലുവർഷത്തെ കുറഞ്ഞ നിലയിലായി. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ രാജ്യത്തെ എല്ലാ ബാങ്കുകളിലുമായി സമർപ്പിക്കപ്പെട്ട ചെക്കുകളുടെ എണ്ണം 3.7 ശതമാനം കുറഞ്ഞ് 41.9 ലക്ഷമായി. ചെക്കുകളുടെ മൂല്യം 3.2 ശതമാനം കുറഞ്ഞ് 2553 കോടി ദീനാറാണ്. 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. 2022ൽ 2850 കോടി ദീനാറും 2023ൽ 2650 കോടി ദീനാറുമായിരുന്നു ആകെ ചെക്ക് മൂല്യം.
ഓൺലൈൻ പണമിടപാടുകളുടെ പ്രചാരം വർധിച്ചതാണ് ചെക്ക് ഇടപാടുകൾ കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. എ.ടി.എമ്മുകളിൽനിന്ന് കറൻസി പിൻവലിക്കപ്പെട്ടതിലും കുറവുണ്ട്. ഇതും ഓൺലൈൻ ഇടപാടുകൾ വർധിച്ചത് കൊണ്ടാണെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതക്ക് സമീപ വർഷങ്ങളിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതും യാഥാർഥ്യമാണ്. വിപണിയിലേക്ക് കൂടുതൽ പണമെത്തിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. പുതിയ ബജറ്റിൽ 90 വൻകിട പദ്ധതികൾക്ക് പണം വകയിരുത്തിയത് ഈ ലക്ഷ്യം കൂടി കണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.