കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് അതിർത്തിക്കുപുറത്ത് കാർ ഷെഡുകൾ നിർമിക്കുന്നത് മുനിസിപ്പൽ അനുമതിയോടെയാവണമെന്ന് ഫർവാനിയ ഗവർണറേറ്റ് കൈയേറ്റ വിരുദ്ധ വിഭാഗം മേധാവി ഖാലിദ് അൽ റദ്ആൻ.കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു ദീനാറാണ് ഈ ലൈസൻസ് ലഭിക്കാനുള്ള ഫീസ്. മതിയായ നിബന്ധനകൾ പാലിച്ച് വിദേശികൾക്കും കാർ ഷെഡിനുള്ള അനുമതി കരസ്ഥമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അനുമതി കൂടാതെ സ്ഥാപിക്കപ്പെടുന്ന ഷെഡുകൾ വീടുകൾക്ക് മുമ്പിലായാലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് മുന്നിലായാലും ഫ്ലാറ്റുകളോടനുബന്ധിച്ചുള്ളതായാലും പൊളിച്ചുമാറ്റും. അനധികൃത ഷെഡുകളുടെ ഉടമകൾക്ക് ആദ്യം മുന്നറിയിപ്പ് നോട്ടിസ് നൽകും.
നിശ്ചിത സമയത്തിനകം പൊളിച്ചുമാറ്റിയില്ലെങ്കിൽ ഉടമയുടെ ചെലവിൽ കൈേയറ്റ വിരുദ്ധ വിഭാഗം പൊളിച്ചുമാറ്റും. കാർഷെഡ് നിർമിക്കുന്നതിനുള്ള അനുമതിക്ക് കെട്ടിട ഉടമയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപ്പാർട്മെൻറുകളിൽ താമസിക്കുന്ന ചിലർ മുനിസിപ്പൽ അനുമതികൂടാതെ സ്വന്തം വാഹനം പാർക്ക് ചെയ്യുന്നതിന് ഷെഡുകൾ നിർമിക്കാറുണ്ട്. മറ്റ് താമസക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നതിനാൽ ഇത്തരം പ്രവണതകൾക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യ പാർപ്പിട മേഖല, ജംഇയ്യകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ എന്നിവയോട് അനുബന്ധിച്ച് കാർ ഷെഡുകൾ നിർമിക്കണമെങ്കിലും മുനിസിപ്പൽ അനുമതി വാങ്ങിയിരിക്കണമെന്ന് ഖാലിദ് അൽ റദ്ആൻ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.