കുവൈത്ത് സിറ്റി: രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികളും നടത്തിപ്പും കൈകാര്യം ചെയ്യാനായി തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തലും അതുമായി ബന്ധപ്പെട്ട നടപടികളും കൈകാര്യം ചെയ്യുന്നതാകും പ്രത്യേക ബോഡി.
സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതിനുള്ള കരട് നിയമം ഞായറാഴ്ച ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കുമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. സർക്കാർ-പാർലമെന്ററി ഏകോപന സമിതിയിലെ സഹകരണത്തിനും ധാരണക്കും അനുസൃതമായാണ് കരട് നിയമം രൂപപ്പെടുത്തിയതെന്നും സെന്റർ ട്വീറ്റ് ചെയ്തു.
ദേശീയ അസംബ്ലിയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഉന്നത തെരഞ്ഞെടുപ്പ് കമീഷനുള്ള ദേശീയ ബോഡി രൂപവത്കരണം എന്നിവ സംബന്ധിച്ച നിർദേശങ്ങളും നിബന്ധനകളും ഉൾക്കൊള്ളുന്നതാണ് കരട് നിയമം. ഞായറാഴ്ച ചേരുന്ന ദേശീയ അസംബ്ലി ഇത് ചർച്ചചെയ്യുകയും എം.പിമാരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യും. ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നമുറക്ക് നിയമം പ്രാവർത്തികമാകുകയും കമീഷൻ രൂപവത്കരണത്തിലേക്ക് നീങ്ങുകയും ചെയ്യും. കമീഷനിൽ സിവിൽ സൊസൈറ്റി, ജുഡീഷ്യൽ, ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുമെന്നാണ് സൂചന.
മുൻ അസംബ്ലിയിൽ കരട് നിയമത്തിന്റെ നിയമസാധുത ദേശീയ അസംബ്ലി നിയമനിർമാണ സമിതി ചർച്ച ചെയ്തിരുന്നു. എന്നാൽ, പിറകെ ദേശീയ അസംബ്ലി പിരിച്ചുവിടലും തെരഞ്ഞെടുപ്പും നടന്നു.
കമീഷൻ രൂപവത്കരിക്കുന്നതോടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സുതാര്യമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഉന്നത തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കണമെന്ന് മുൻ സ്പീക്കർ മർസൂഖ് അൽ ഗാനം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.