കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ്രധാനമന്ത്രി
ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനൊപ്പം
കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾ തുടരുന്നു. ചൊവ്വാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുൻ പ്രധാനമന്ത്രിമാരുമായും നിലവിലെ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രിമാരായ ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുമായാണ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്.
പുതിയ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള പരമ്പരാഗത കൂടിയാലോചനകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ സർക്കാറിന്റെ വീക്ഷണവും ലക്ഷ്യവും പ്രവർത്തനരീതിയും എന്താകണമെന്ന അഭിപ്രായം വിലയിരുത്തും. തിങ്കളാഴ്ച ദേശീയ അസംബ്ലി മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹ്മദ് അൽ സാദൂൻ എന്നിവരുമായി കിരീടാവകാശി ചർച്ച നടത്തിയിരുന്നു. നേരത്തേ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
അടുത്തയാഴ്ചയോടെ പുതിയ മന്ത്രിസഭ നിലവിൽവരുമെന്നാണ് സൂചന. ചർച്ചകൾക്കുശേഷം അമീർ പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം നൽകുകയും ചെയ്യും. ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിനു പിറകെ ഭരണഘടന ചട്ടങ്ങൾ പ്രകാരം സർക്കാർ രാജിവെച്ചിരുന്നു. നിലവിൽ കാവൽ സർക്കാറായി തുടരുകയാണ്. ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ഈ മാസം 20ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മന്ത്രിസഭ രൂപവത്കരണം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.