സുപ്രീം ഡിഫൻസ് കൗൺസിൽ യോഗത്തിൽനിന്ന്
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച സ്ഥിതിഗതികൾ വിലയിരുത്താൻ സായുധ സേനയുടെ സുപ്രീം കമാൻഡർ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അധ്യക്ഷതയിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും പങ്കെടുത്ത യോഗത്തിൽ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ, അവ തമ്മിലുള്ള ഏകോപനം, അടിയന്തരഘട്ടങ്ങളെ നേരിടാൻ വിവിധ മേഖലകൾക്കിടയിലുള്ള തയാറെടുപ്പ് എന്നിവയും വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ അമീർ നിർദേശങ്ങൾ നൽകി.
സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം
തിങ്കളാഴ്ച രാത്രി ബയാൻ പാലസിൽ അടിയന്തര സുപ്രീം ഡിഫൻസ് കൗൺസിൽ യോഗംചേർന്നു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അധ്യക്ഷതവഹിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഖത്തറിലെ അമേരിക്കയുടെ അൽ ഉദൈദ് വ്യോമതാവളം ആക്രമിച്ചതിനെ കൗൺസിൽ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരം, വ്യോമാതിർത്തി, അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വിവിധ മേഖലകളിലായി കുവൈത്ത് നടത്തിയ ശ്രമങ്ങൾ യോഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ സന്നദ്ധതയും ബന്ധപ്പെട്ട അധികാരികൾക്കിടയിലുള്ള ഏകോപനവും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.