കുവൈത്ത് സിറ്റി: രാജ്യത്ത് ജൂൺ ഒന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ സഹൽ ആപ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. പൊതു സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ സംവിധാനം.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന് കീഴിലുള്ള ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് സെക്ടർ ഇതു സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ട്രാഫിക് സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സേവനം.
ലൈസൻസിന്റെ തരം അടിസ്ഥാനമാക്കി അവയുടെ ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ പ്രത്യേക ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ജനറൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും നടക്കും. മോട്ടോർ സൈക്കിൾ ലൈസൻസ് ടെസ്റ്റുകൾ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാകും നടക്കുക.
അപേക്ഷകർ സഹൽ ആപ്ലിക്കേഷൻ തുറന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങളിൽ ലോഗിൻ ചെയ്യണം. തുടർന്ന് ട്രാഫിക് സേവന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ എന്ന് ലേബൽ ചെയ്തിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപേക്ഷകർക്ക് വേണ്ട തീയതിയും ലൈസൻസ് വിഭാഗവും ഇവിടെനിന്ന് തിരഞ്ഞെടുക്കാം. തുടർന്ന് അപ്പോയിന്റ്മെന്റ് ഉറപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.