കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ട് വ്യാജരേഖയിൽ തിരിച്ചെത്തിയ നൂറുകണക്കിന് പേർ ബയോമെട്രിക് പരിശോധനയിൽ കുടുങ്ങിയതായി അധികൃതർ വ്യക്തമാക്കി. 20 വർഷം മുമ്പ് നാടുകടത്തിയവർ വരെ ഇത്തരത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്. വേറെ പേരും വ്യാജ പാസ്പോർട്ടും ഉപയോഗിച്ച് എത്തിയവരാണ് പിടിയിലായത്.
ഇവരിലധികം വീട്ടുജോലിക്കാരും ഡ്രൈവർമാരുമാണ്. കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. നാടുകടത്തിയ കുറ്റവാളികളും വ്യാജരേഖ ഉപയോഗിച്ച് തിരിച്ചെത്തിയിട്ടുണ്ട്.
ചിലർ വിരലടയാളത്തിൽ തിരിമറി നടത്താൻ കൈ വികലമാക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്തു. വ്യാജരേഖയിൽ എത്തിയ മുഴുവൻ പേരെയും രാജ്യത്തുനിന്ന് പുറന്തള്ളുമെന്നും അവർക്ക് വിസ ഉണ്ടെങ്കിലും വർഷങ്ങളായി പതിവായി പുതുക്കുന്നതാണെങ്കിലും ഇളവുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭൂരിഭാഗം കുവൈത്ത് പൗരന്മാരുടെയും പ്രവാസികളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഒന്നര ലക്ഷത്തിലധികം വിദേശികളും 16,000 കുവൈത്തികളും ബയോ മെട്രിക് രജിസ്ട്രേഷൻ നടത്താനുണ്ട്. ഇവർക്ക് ബാങ്കിങ് സേവനം ഉൾപ്പെടെ തടയുന്നത് പരിഗണിക്കുന്നു.
വിസ അപേക്ഷകൾ, സുരക്ഷ പരിശോധനകൾ, ക്രിമിനൽ അന്വേഷണങ്ങൾ എന്നിവയുൾപ്പെടെ വിവിധ സർക്കാറുമായി ബന്ധപ്പെട്ട പ്രക്രിയകൾക്ക് ബയോ മെട്രിക് രജിസ്ട്രേഷൻ നിർബന്ധമാണ്.കുവൈത്തിലുള്ളവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും കണ്ണ്, വിരലടയാളം എന്നിവ രേഖപ്പെടുത്തുന്നതിലൂടെ സുരക്ഷിതമായ ഇലക്ട്രോണിക് ഇൻഫർമേഷൻ ബാങ്ക് സ്ഥാപിക്കാനും വ്യാജരേഖ ഉപയോഗിച്ച് രാജ്യത്തെത്തുന്നത് തടയാനുമാണ് ലക്ഷ്യമിടുന്നത്.
ബയോ മെട്രിക് രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമെന്നതിനാൽ വിദേശികളിൽ ഇനി ബാക്കിയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം. ആറ് ഗവർണറേറ്റിലും ബയോമെട്രിക് രജിസ്ട്രേഷന് നിശ്ചിത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയിൻമെന്റ് ബുക്ക് ചെയ്താണ് ബയോ മെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.