ശൈഖ് നാസർ
മനാമ: സംഘർഷബാധിത പ്രദേശങ്ങളിലും പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങളിലും മാനുഷിക സഹായം എത്തിക്കുന്നതിൽ ബഹ്‌റൈൻ മുൻനിരയിൽ. സമാധാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം ഒരു മാതൃകയായി മാറിയതിന് പിന്നിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ദീർഘവീക്ഷണമാണ്.
ലോക മാനുഷിക ദിനത്തിൽ ബഹ്റൈൻറെ മാനുഷിക പ്രവർത്തനങ്ങളെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ പ്രശംസിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക മാനുഷിക ദിനമായി ആചരിക്കുന്നത്. യു.എൻ ഈ വർഷം ‘മനുഷ്യത്വത്തിന് വേണ്ടി പ്രവർത്തിക്കുക’ എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചത്. മാനുഷികത സംരക്ഷിക്കുന്ന നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും, സംഘർഷമേഖലകളിൽ സിവിലിയൻമാരെയും ദുരിതാശ്വാസ പ്രവർത്തകരെയും സംരക്ഷിക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയാണ് ഈ കാമ്പയിനിൻറെ ലക്ഷ്യം.
മാനുഷിക മൂല്യങ്ങൾക്കും ഐക്യദാർഢ്യത്തിനും ബഹ്‌റൈൻ നൽകുന്ന പ്രാധാന്യത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി എടുത്തുപറഞ്ഞു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) കഴിഞ്ഞ 24 വർഷത്തെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. രാജാവിന്റെ മാനുഷിക, നയതന്ത്രപരമായ മുൻകൈകളെ ഡോ. അൽ സയാനി അഭിനന്ദിച്ചു. ഗസ്സയിലെ വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതിനും സിവിലിയൻമാർക്ക് സഹായം എത്തിക്കുന്നതിനും ബഹ്‌റൈൻ നടത്തിയ ശ്രമങ്ങൾ ഇതിൽ പ്രധാനമാണ്. ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ, രാജ്യത്തിനകത്തും പുറത്തും ഫൗണ്ടേഷൻ നടപ്പാക്കിയ പദ്ധതികൾ ബഹ്‌റൈന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നേടിക്കൊടുത്തതായി സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ, രാജാവിന്റെ നിർദേശപ്രകാരം ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കായി ആർ.എച്ച്.എഫ് മരുന്ന്, ഭക്ഷണം, കുട്ടികൾക്കുള്ള അവശ്യസാധനങ്ങൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, കൂടാരങ്ങൾ എന്നിവയടങ്ങിയ പുതിയ മാനുഷിക സഹായ ഷിപ്പ്മെന്റ് അയച്ചിരുന്നു. 2023ൽ തുർക്കിയിലുണ്ടായ ഭൂകമ്പം, 2014ൽ ഫിലിപ്പീൻസിൽ ഉണ്ടായ ഹയ്യാൻ ചുഴലിക്കാറ്റ് എന്നിവയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആർ.എച്ച്.എഫ് സഹായം എത്തിച്ചു. ഫിലിപ്പീൻസിൽ രണ്ട് തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. രാജ്യത്തിനകത്ത് അനാഥരെയും വിധവകളെയും സഹായിക്കുന്നതിൽ ആർ.എച്ച്.എഫ് പ്രത്യേക ശ്രദ്ധ നൽകുന്നു.
ലണ്ടൻ ആസ്ഥാനമായുള്ള ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷൻ വേൾഡ് ഗിവിംഗ് ഇൻഡക്സ് 2024 പ്രകാരം, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 142 രാജ്യങ്ങളിൽ 16-ാം സ്ഥാനത്താണ് ബഹ്‌റൈൻ. ഗൾഫ് രാജ്യങ്ങളിൽ ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇയാണ് മുന്നിൽ. കുവൈത്ത് (18), സൗദി അറേബ്യ (33) എന്നിവ തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ടനുസരിച്ച്, 2023ൽ ബഹ്‌റൈനിലെ 72 ശതമാനം ആളുകളും അപരിചിതരെ സഹായിച്ചു. 56 ശതമാനം ആളുകൾ സംഭാവന നൽകി, 26 ശതമാനം ആളുകൾ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.