ബഹ്റൈൻ എയർപോർട്ട് കമ്പനി ആർടെലിയ എയർപോർട്ട്സുമായി ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മനാമ: രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും വ്യോമയാനമേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മികച്ച സമ്പ്രദായങ്ങൾക്കും അനുസൃതമായി പ്രവർത്തന സജ്ജീകരണങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ബഹ്റൈൻ എയർപോർട്ട് കമ്പനി ആർടെലിയ എയർപോർട്ട്സുമായി ധാരണപത്രം ഒപ്പുവെച്ചു.
ബഹ്റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ബി.എ.സിക്ക് വേണ്ടി ഗൾഫ് എയർ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജെഫ്രി ഗോയും ആർടെലിയ എയർപോർട്ട്സിനുവേണ്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ഫിലിപ്പ് മാർട്ടിനെറ്റും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യോമയാന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബഹ്റൈന്റെ ആധുനികവത്കരണ, വികസന പദ്ധതികളെ പിന്തുണക്കുന്നതിനായി പ്രത്യേക ആഗോള സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാൻ മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആർടെലിയ എയർപോർട്ട്സുമായി ധാരണപത്രം ഒപ്പുവെച്ചതിലൂടെ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാനത്തിലും ലോജിസ്റ്റിക്സിലും ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമായി ബഹ്റൈനെ സ്ഥാപിക്കാനുള്ള കാഴ്ചപ്പാടിനും ഈ സഹകരണം അടിവരയിടുന്നു.ജൂൺ 16 മുതൽ 22 വരെ പാരീസ് നടക്കുന്ന എയർ ഷോ 2025ൽവെച്ചാണ് കരാറൊപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.