കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനപരിശോധനക്ക് ഓട്ടോമാറ്റിക് വാഹന പരിശോധനസംവിധാനം വരുന്നു. ക്യാപ്പിറ്റൽ ഗവർണറേറ്റിലെ പുതിയ പരിശോധനകേന്ദ്രത്തിൽ ഈ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഫോർ ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ നിമ്രാൻ പറഞ്ഞു. സാങ്കേതിക പരിശോധനവകുപ്പിന്റെ നേതൃത്വത്തിലാകും പദ്ധതി.
കാര്യക്ഷമത വർധിപ്പിക്കുന്നതിനും കർശന സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനം. റോഡ് സുരക്ഷക്ക് അപകടകരമെന്ന് കണ്ടെത്തുന്ന വാഹനങ്ങൾക്ക് ലൈസൻസ് പുതുക്കിനല്‍കില്ല. പുതിയ സംവിധാനം പരിശോധനസമയം ഏതാനും മിനിറ്റുകളായി കുറക്കുമെന്നും പൗരന്മാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേമസയം, കഴിഞ്ഞമാസം ഒരുലക്ഷത്തി ആറായിരത്തിലധികം വാഹനങ്ങൾ പരിശോധിച്ചതായും സുരക്ഷാ ആവശ്യങ്ങൾ പാലിക്കാത്ത 2389 വാഹനങ്ങള്‍ സ്ക്രാപ്പ് യാർഡിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിൽ പതിനെട്ട് സ്വകാര്യ കമ്പനികൾക്ക് വാഹന പരിശോധന നടത്താൻ ലൈസൻസുണ്ട്. ആറ് പുതിയ അപേക്ഷകൾ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.