കുവൈത്ത് സിറ്റി: 19ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ കാണാതെ കുവൈത്ത് പുറത്ത്. ഗ്രൂപ് ജേതാക്കളായി രണ്ടാം റൗണ്ടിൽ പ്രവേശിച്ച ആതിഥേയർ ഇറാനോടും ദക്ഷിണ കൊ റിയയോടും കീഴടങ്ങിയാണ് പുറത്തായത്. വ്യാഴാഴ്ച കുവൈത്തിന് ഖത്തറിനെതിരെയും മത്സരമുണ്ടെങ്കിലും ജയിച്ചാലും കാര്യമില്ല. ഗ്രൂപ് ഒന്നിൽനിന്ന് ഖത്തർ ഇതിനകം സെമിയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഇറാൻ, ദക്ഷിണകൊറിയ മത്സരത്തിലെ വിജയികളും സെമിയിലെത്തും. സമനിലയിലായാൽ പോയൻറ് മികവിൽ ദക്ഷിണ കൊറിയ മുന്നേറും.
ഗ്രൂപ് ഒന്നിൽ രണ്ടു കളിയിൽ നാലു പോയൻറുമായി ജപ്പാൻ സെമിഫൈനൽ ഉറപ്പാക്കി. രണ്ടു വീതം പോയൻറുള്ള ബഹ്റൈനും യു.എ.ഇയും പോയൻറില്ലാത്ത സൗദിയും വ്യാഴാഴ്ച മത്സരഫലത്തെ ആശ്രയിക്കണം. വ്യാഴാഴ്ച ബഹ്റൈൻ സൗദിയെയും ജപ്പാൻ യു.എ.ഇയെയും നേരിടും. ഇറാൻ 28 -24നും ദക്ഷിണ കൊറിയ 34 -27നുമാണ് കുവൈത്തിനെ കീഴടക്കിയത്. ഗ്രൂപ് ഘട്ടത്തിൽ മൂന്നു കളിയിൽ മൂന്നും ജയിച്ച് ആധികാരികമായി രണ്ടാം റൗണ്ടിൽ കടന്ന കുവൈത്തിന് പിന്നീട് ആ പ്രകടനം ആവർത്തിക്കാനായില്ല. ഇറാഖ്, ഹോേങ്കാങ്, യു.എ.ഇ എന്നിവയെയാണ് കുവൈത്ത് ഗ്രൂപ് ഘട്ടത്തിൽ തോൽപിച്ചത്. കഴിഞ്ഞ ജൂലൈയിൽ പരിശീലകനായി ചുമതലയേറ്റ ഫ്രാൻസിൽനിന്നുള്ള ജെറമി സില്ലയെ പരിശീലകനായി നിയമിച്ച കുവൈത്ത് പൊരുതിത്തന്നെയാണ് പുറത്തായത്.
കായികവിലക്ക് കാരണം രണ്ടുവർഷത്തോളം കുവൈത്തിന് അന്താരാഷ്ട്ര മത്സരപരിചയം ലഭിച്ചിരുന്നില്ല. സബാഹ് അൽ സാലിമിലെ ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള ജനുവരി 27ന് സമാപിക്കും. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ആദ്യ നാല് സ്ഥാനക്കാർ 2021ൽ ഇൗജിപ്തിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.