കുവൈത്ത് സിറ്റി: ചെറിയ ടീമെന്നു കരുതിയ സൗദിയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി, ലോകകപ്പിലെ ആദ്യ കളിയിൽ അർജന്റീന ഇടറിവീണപ്പോൾ നിരാശരായി ഫാൻസ്. കാത്തിരുന്ന മത്സരത്തിലെ ഫലം പ്രതികൂലമായതോടെ എങ്ങനെ ന്യായീകരണം കണ്ടെത്തുമെന്ന വഴികൾ തേടുകയാണ് കുവൈത്തിലെ ഫാൻസ്. അർജന്റീനൻ തോൽവി എതിരാളികൾ ആഘോഷമാക്കിയപ്പോൾ 'കാപ്സ്യൂളുകൾ' ഇറക്കിയിട്ടും പിടിച്ചുനിൽക്കാനാകാത്ത നിലയിലാണ് 'അർജന്റീനക്കാർ'.
പരമ്പരാഗത എതിരാളികളായ ബ്രസീൽ ഫാൻസാണ് തോൽവി ആഘോഷിക്കുന്നവരിൽ മുന്നിൽ. വാട്സ്ആപ് ഗ്രൂപ്പുകളിൽ നിറഞ്ഞുനിന്ന ട്രോൾമഴ കാണാൻ ശക്തിയില്ലാതെ കടുത്ത അർജന്റീന ഇഷ്ടക്കാർ പലരും ഫോൺ ഓഫ് ചെയ്താണ് പ്രതിസന്ധിയെ മറികടന്നത്.
നാട്ടിലേതിന് സമാനമായി പ്രവാസികളിലും കൂടുതൽ ഫാൻസുള്ളത് ബ്രസീലിനും അർജന്റീനക്കുമാണ്. വാട്സ്ആപ് ഗ്രൂപ്പുകളിലും മുറികളിലും ജോലിസ്ഥലങ്ങളിലും ഫാൻ ഫൈറ്റ് സജീവമാണ്. അർജന്റീനയുടെ ജഴ്സിയണിഞ്ഞ ഡി.പിയും പ്രൊഫൈൽ പിക്കുമായാണ് പലരും ചൊവ്വാഴ്ച വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെട്ടത്.
കളി തോറ്റതോടെ 'കുപ്പായം മാറ്റേണ്ട' അവസ്ഥ വന്നു പലർക്കും. ആദ്യ ഗോൾ വീണപ്പോഴും ഓഫ് സൈഡ് ഗോളുകൾ പിറന്നപ്പോഴും അഴിഞ്ഞാടിയ അർജന്റീന ഫാൻസ് രണ്ടാം പകുതിയിൽ നിരാശരായി. മിനിറ്റുകൾക്കുള്ളിൽ സൗദിയുടെ ഇരട്ട പ്രഹരം വന്നിട്ടും പ്രതീക്ഷ ഉപേക്ഷിച്ചില്ല. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുവരെ സമനിലയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ, അവസാന വിസിൽ മുഴങ്ങിയതോടെ ഫാൻസ് തീർത്തും നിരാശരായി. കഴിഞ്ഞ ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ തോൽവിയും സമനിലയും പിണഞ്ഞിട്ടും തിരിച്ചുവന്ന അനുഭവം ഓർത്തെടുത്ത് ആശ്വസിക്കുകയാണ് ഫാൻസിപ്പോൾ. എന്നാൽ, മെക്സികോയെയും പോളണ്ടും ചെറിയ മീനല്ലെന്നും അർജന്റീന രണ്ടാം റൗണ്ട് കാണില്ലെന്നുമാണ് എതിരാളികളുടെ പ്രകോപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.