പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ പ്രതിവാര യോഗം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ സെയ്ഫ് പാലസിൽ നടന്നു. ജനസംഖ്യാനിയന്ത്രണത്തിനുള്ള ദേശീയ സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച മന്ത്രിതല നിയമകാര്യ സമിതിയുടെ ശിപാർശ മന്ത്രിസഭ ചർച്ച ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷനായ സമിതിയുടെ രൂപവത്കരണത്തിന് അംഗീകാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ബ്രിട്ടൻ സന്ദർശനവും ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.
റോഡുകൾക്കും ഗതാഗതത്തിനും വേണ്ടിയുള്ള പൊതു അതോറിറ്റിയെ ഒഴിവാക്കാനുള്ള ശിപാർശ മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ അംഗീകരിച്ചു. കരട് നിയമത്തിന് അംഗീകാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് മുമ്പ് കിരീടാവകാശിക്ക് റഫർ ചെയ്തു.
സുഡാനിലെ സൗദി കൾച്ചറൽ അറ്റാഷെ മന്ദിരത്തിന് നേരെ സായുധ സംഘം നടത്തിയ ആക്രമണത്തിൽ കുവൈത്തിന്റെ ശക്തമായ അപലപനം കാബിനറ്റ് രേഖപ്പെടുത്തി. സൗദി അറേബ്യക്കും നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിന് സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നിയമ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.