വീട്ടുജോലിക്കാരുടെ മടക്കം: രജിസ്​ട്രേഷൻ പോർട്ടൽ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിന്​ രജിസ്​റ്റർ ചെയ്യേണ്ട ഒാൺലൈൻ പോർട്ടൽ ആരംഭിച്ചു. https://belsalamah.com/home.html എന്ന വെബ്​സൈറ്റിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. ഡിസംബർ ഏഴുമുതൽ മടങ്ങിവരവ്​ ആരംഭിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഡിസംബർ 14നാണ്​ ആദ്യ സംഘം ഇന്ത്യയിൽനിന്ന്​ എത്തുന്നതെന്നാണ്​ പുതിയ വിവരം.

മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ രണ്ടാഴ്​ചത്തെ ക്വാറൻറീനും പി.സി.ആർ പരിശോധനക്കും 270 ദീനാർ ആണ്​ പാക്കേജ്​ നിശ്ചയിച്ചിരിക്കുന്നത്​. വിമാന ടിക്കറ്റ്​ നിരക്ക്​ വിവിധ രാജ്യങ്ങളിൽനിന്ന്​ വ്യത്യസ്​തമാണ്​. ഇന്ത്യയിൽനിന്ന്​ 110 ദീനാറും ഫിലിപ്പീൻസിൽനിന്ന്​ 200 ദീനാറും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽനിന്ന്​ 145 ദീനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.

തൊഴിലാളികൾ സ്വന്തം രാജ്യത്തുനിന്ന്​ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തമാണെന്ന്​ തെളിയിക്കണം. കുവൈത്തിലെത്തിയാൽ രണ്ടാമത്തെയും രണ്ടാഴ്​ചത്തെ ക്വാറൻറീൻ കഴിഞ്ഞാൽ മൂന്നാമത്തെയും പി.സി.ആർ പരിശോധന നടത്തും. കോവിഡ്​ ഇല്ലെങ്കിൽ സ്​പോൺസർക്ക്​ കൂട്ടിക്കൊണ്ടുപോവാം. വൈറസ്​ ബാധിതരാണെങ്കിൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും. കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സുമാണ്​ വിമാന സർവീസ്​ നടത്തുന്നത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.