കുവൈത്ത് സിറ്റി: മുൻ കുവൈത്ത് അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിടവാങ്ങ ിയിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു. 2006 ജനുവരി 15നാണ് അദ്ദേഹം മരിച്ചത്. 28 വർഷത്തോളം രാജ്യ ത്തെ നയിച്ച ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആധുനിക കുവൈത്തിെൻറ നായകൻ എന് ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായിരുന്നു. കുവൈത്തിനെ മാറുന്ന കാലത്തിനും ലോകത്തിനുമനുസരിച്ച് അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വിജയം കണ്ടു. എല്ലാ മേഖലയിലും രാജ്യത്ത് വികസനക്കുതിപ്പ് സാധ്യമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ജനങ്ങൾ അദ്ദേഹത്തെ ആദരവോടെ ‘അബൂ മുബാറക്’ എന്നു വിളിച്ചു. വിവിധ രാജ്യങ്ങളുമായി ആരോഗ്യകരമായ ഉഭയകക്ഷി ബന്ധം നിലനിർത്താനുള്ള പരിശ്രമങ്ങൾ ശ്ലാഘനീയമാണ്.
1990ൽ രാജ്യം വൈദേശികാധിപത്യത്തിന് കീഴിൽ അമർന്നെങ്കിലും അധികം വൈകാതെ സ്വാതന്ത്ര്യം തിരിച്ചുപിടിച്ച് കരുത്തുറ്റ പരമാധികാര രാജ്യമായി കുവൈത്ത് മാറി. വിമോചന പോരാട്ടങ്ങൾക്ക് ലോകത്തിെൻറ പിന്തുണ നേടിയെടുക്കുന്നതിൽ അമീറിെൻറ ഇടപെടലുകൾ നിർണായകമായി. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകവും നേതൃപരവുമായ പങ്കുവഹിച്ച അദ്ദേഹം അറബ് കൂട്ടായ്മയുടെയും ശക്തനായ വക്താവായിരുന്നു. എണ്ണക്കൊഴുപ്പിെൻറ ബലത്തിൽ കുവൈത്ത് സമ്പന്നമായപ്പോൾ അതിലൊരു വിഹിതം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദാരിദ്യ്രവും ദൈന്യതയും അനുഭവിക്കുന്നവർക്കായി മാറ്റിവെച്ച് ജീവകാരുണ്യ മേഖലയിലും അദ്ദേഹത്തിന് കീഴിൽ കുവൈത്ത് തിളങ്ങിനിന്നു. കുവൈത്തിെൻറ 13ാമത് ഭരണാധികാരിയായിരുന്നു ശൈഖ് ജാബിർ. 1962 നവംബർ 11ന് കുവൈത്ത് ഭരണഘടന നിലവിൽവന്ന ശേഷമുള്ള മൂന്നാമത് അമീറുമായിരുന്നു.
ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹിെൻറ പിന്തുടർച്ചക്കാരനായാണ് അദ്ദേഹം കുവൈത്തിെൻറ അമരക്കാരനായത്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട രാഷ്ട്രനായകനായിരുന്നു അദ്ദേഹം. ഇവിടെ ജോലി തേടിയെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശിസമൂഹത്തോട് അങ്ങേയറ്റം അനുഭാവവും സ്നേഹവും പ്രകടിപ്പിച്ചിരുന്നതായി അക്കാലത്തും ഇവിടെയുണ്ടായിരുന്ന മലയാളികൾ ഓർക്കുന്നു. അക്കാരണംകൊണ്ടുതന്നെ വിയോഗത്തിന് 13 ആണ്ടിനിപ്പുറവും ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വിദേശിസമൂഹത്തിെൻറ മനസ്സിൽ ഹൃദ്യമായ ഓർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.