വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി പരിഗണനയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ വിപണി ക്രമീകരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മാൻപവർ അതോറിറ്റി ചർച്ച ചെയ്യുന്നു. ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യുന്നത്. വിസക്കച്ചവടം തടയുക, ജനസംഖ്യ സന്തുലനം നടപ്പാക്കുക, തൊഴിൽ വിപണി ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ അധികൃതർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തിങ്കളാഴ്ച വൈകീട്ട് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.

ജംഇയ്യകൾ ഉൾപ്പെടെ ചില പ്രത്യേക മേഖലകളിൽനിന്ന് തൊഴിലാളികൾ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നതാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. വിദേശങ്ങളിൽനിന്ന് പ്രത്യേക ജോലിക്കായി തൊഴിലാളികളെ എത്തിച്ച ശേഷം മറ്റ് പ്രവർത്തനങ്ങളിലേക്കും തൊഴിൽ മേഖലകളിലേക്കും നിയന്ത്രണമില്ലാതെ മാറ്റുന്നത് തൊഴിൽ വിപണിയെ അസ്ഥിരപ്പെടുത്തുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇത് തടയാൻ നിയമ ഭേദഗതി കൊണ്ടുവരണമെന്ന നിർദേശമാണ് അതോറിറ്റിയുടെ പരിഗണനക്ക് വന്നിരിക്കുന്നത്.

സഹകരണ സംഘങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മെഡിക്കൽ സെന്ററുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ എന്നിങ്ങനെ 20ലേറെ വിഭാഗങ്ങളിൽനിന്ന് വിസമാറ്റം അനുവദിക്കരുതെന്നാണ് നിർദേശം. നേരത്തെ കാർഷിക മേഖലയിലും സഹകരണ മേഖലയിലും പുതുതായി റിക്രൂട്ട് ചെയ്യുന്ന വിദേശികൾക്ക് മാത്രമായിരുന്നു വിസമാറ്റം അതേ മേഖലകളിലേക്കു മാത്രം എന്ന നിബന്ധന ഉണ്ടായിരുന്നത്. കൂടുതൽ മേഖലകൾ ഈ വിഭാഗത്തിൽ വരുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്. അതേസമയം, മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗീകരിച്ചാലും അന്തിമ തീരുമാനം മന്ത്രിസഭ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

Tags:    
News Summary - Amendment of visa rules under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.