കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ കുവൈത്ത് മുൻ ചെയർമാൻ ആനന്ദ് കപാഡിയയുടെ നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുശോചിച്ചു. സാംസ്കാരിക, സാമ്പത്തിക മേഖലയിൽ ഇന്ത്യയെ പ്രമോട്ട് ചെയ്യുന്നതിൽ നിർണായക സംഭാവന അർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അംബാസഡർ പറഞ്ഞു. വിജയിയായ സംരംഭകൻ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിയ അദ്ദേഹം ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മേധാവി എന്ന നിലയിൽ എംബസിയുമായി ചേർന്ന് പ്രവർത്തിച്ചു. കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യൻ സമൂഹത്തിന് സേവനം നൽകിയ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിലും അദ്ദേഹം നിർണായക ദൗത്യം നിർവഹിച്ചു.
ഇന്ത്യയിലെ മുൻനിര സാംസ്കാരിക, കലാ വ്യക്തിത്വങ്ങളെ കുവൈത്തിലെത്തിക്കുകയും മികച്ച കലാസംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത സംഘാടകൻ എന്ന നിലയിലും കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിെൻറ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ വേദനയിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹവും പങ്കുചേരുന്നതായി സിബി ജോർജ് അനുശോചന കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ കുവൈത്ത് വിട്ട ആനന്ദ് കപാഡിയ ഞായറാഴ്ച കാനഡയിലാണ് നിര്യാതനായത്.
ലത മേങ്കഷ്കർ, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് അല്ലാരഖ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവ്കുമാർ ശർമ, ഉസ്താദ് സക്കീർ ഹുസൈൻ, ഉസ്താദ് ശുജാഅത്ത് ഖാൻ, ഉസ്താദ് അംജദ് അലി ഖാൻ തുടങ്ങി പ്രമുഖരെ കുവൈത്തിലെത്തിച്ച് സംഗീത പരിപാടി അവതരിക്കാൻ ആനന്ദ് കപാഡിയയുടെ നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. കുവൈത്തിലെ ബിസിനസ് സമൂഹവുമായും ദാർ അൽ അതാർ അൽ ഇസ്ലാമിയ, കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുമായും ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.