കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീൻസ് അംബാസഡർ റെനാറ്റോ വില്ല ഒരാഴ്ചക്കകം രാജ്യംവിടണമെന്ന് കുവൈത്ത് നിർദേശം നൽകി. ഫിലിപ്പീൻസിലെ കുവൈത്ത് അംബാസഡർ സാലിഹ് അഹ്മദ് അൽതുവൈഖിനെ ചർച്ചകൾക്കായി തിരിച്ചുവിളിച്ചിട്ടുമുണ്ട്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്തിനെതിരെയുള്ള മോശം പരാമർശത്തെ തുടർന്നാണ് അംബാസഡറെ തിരിച്ചയക്കുന്നത്. ഗാർഹികത്തൊഴിലാളികളെ എംബസി വാനിൽ രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കുവൈത്തിനെ പ്രകോപിപ്പിച്ചത്. തുടർന്ന് അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെങ്കിലും അദ്ദേഹം പുറത്തെത്തി പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ സംഭവത്തെ ന്യായീകരിച്ചു.
പ്രയാസമനുഭവിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ അടിയന്തരമായി രക്ഷപ്പെടുത്തുകയായിരുന്നെന്നും ഇതിന് ആരുടെയും സമ്മതത്തിന് കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും പ്രതികരിച്ചത് കുവൈത്തിന് സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു. ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് എം.പിമാരും രംഗത്തെത്തിയതോടെ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. കുവൈത്തിെൻറ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഫിലിപ്പീൻസ് അംബാസഡറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കുവൈത്തിെൻറ വിലയിരുത്തൽ. കുവൈത്തിെൻറ പരമാധികാരത്തെ മാനിക്കാത്ത രീതിയിൽ എംബസിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾക്ക് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ കായൻറാനോ കഴിഞ്ഞദിവസം മാപ്പുപറഞ്ഞെങ്കിലും റെനാറ്റോ വില്ലയെ വെച്ചുപൊറുപ്പിക്കേണ്ടെന്ന് കുവൈത്ത് തീരുമാനിച്ചു.
ഗാർഹികത്തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ എംബസി ജീവനക്കാർ സഹായിക്കുകയും ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾ പീഡനത്തിന് ഇരയാവുന്നു എന്ന് ആരോപിച്ച് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് രംഗത്തുവന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നെങ്കിലും അന്ന് പ്രതിരോധത്തിലായിരുന്ന കുവൈത്ത് സംയമനം പാലിക്കുകയായിരുന്നു. ഇപ്പോൾ എംബസിയുടെ ഭാഗത്തുനിന്നുള്ള അതിരുവിട്ട പ്രവർത്തനം കുവൈത്തിന് പിടിവള്ളിയായി.
പ്രസിഡൻറ് റോഡ്രിഗോ ദുതെർത് ഫിലിപ്പീൻസിലെ കുവൈത്ത് അംബാസഡർ സാലിഹ് അഹ്മദ് അൽതുവൈഖിനെ സന്ദർശിച്ച് വിഷയം ചർച്ച ചെയ്തു. ആദ്യഘട്ടത്തിൽ കുവൈത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച റോഡ്രിഗോ ദുതെർത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. കുവൈത്ത് -ഫിലിപ്പീൻസ് തൊഴിൽകരാർ മേയ് ആദ്യവാരം ഒപ്പിടാൻ നിശ്ചയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ അത് മാറ്റിവെക്കുമെന്നാണ് സൂചന. റമദാന് ശേഷം മാത്രമേ കരാർ ഒപ്പിടൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കുവൈത്തിലെ ഫിലിപ്പീൻസ് എംബസി ജീവനക്കാരുടെ എണ്ണം കുറക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.