അൽസൂർ റിഫൈനറി പുതിയ ലബോറട്ടറി കെ.ഐ.പി.ഐ.സി സി.ഇ.ഒ വലീദ് അൽ ബാദർ, ഡെപ്യൂട്ടി സി.ഇ.ഒ ഖാലിദ് അൽ അവദി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അൽസൂർ റിഫൈനറിയുടെ പുതിയ ലബോറട്ടറികൾ രാജ്യത്തെ എണ്ണ മേഖലയുടെ പ്രകടനവും മത്സരക്ഷമതയും വർധിപ്പിക്കുമെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെ.ഐ.പി.ഐ.സി) വ്യക്തമാക്കി. ലബോറട്ടറികളുടെ ഉദ്ഘാടന ഭാഗമായുള്ള പ്രസ്താവനയിലാണ് കമ്പനിയുടെ പ്രഖ്യാപനം. ദേശീയ കേഡറുകൾ നടത്തുന്ന ഇത്തരം സംവിധാനമുള്ള മിഡിലീസ്റ്റിലെ എക സഥാപനമാണ് കെ.ഐ.പി.ഐ.സി. പുതിയ ലബോറട്ടറികൾ തുറക്കുന്നത് കമ്പനിയുടെ മറ്റൊരു നാഴികക്കല്ലാണെന്ന് സി.ഇ.ഒ വലീദ് അൽ ബാദർ പറഞ്ഞു.
ഇത് എണ്ണ മേഖലയിലെ തന്ത്രപരമായ പദ്ധതികളുടെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. നവീന ലാബ് സജ്ജീകരിക്കുന്നത് ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ എണ്ണ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ, പ്രകൃതിവാതക പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ലബോറട്ടറിയെന്നും ഡെപ്യൂട്ടി സി.ഇ.ഒ ഖാലിദ് അൽ അവദി പറഞ്ഞു. എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രിയയിലും ഉപകരണങ്ങളിലും ലാബുകൾ ഉൾപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലബോറട്ടറികൾ നിർമിക്കുന്ന രേഖകളും സർട്ടിഫിക്കറ്റുകളും ഉയർന്ന മൂല്യമുള്ളതായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.