കുവൈത്ത് സിറ്റി: കുവൈത്തിലെ മദ്യദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൂചന. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരമാണ്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പലരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പലരെയും അടിയന്തര ഡയാലിസിസിന് വിധേയമാക്കി. നിരവധി പേരുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ ആശുപത്രികളിലെ എല്ലാ കേസുകളും 24 മണിക്കൂറും വിദഗ്ധ മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണ്.
കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച പ്രകാരം ഇതുവരെ 23 പേരാണ് മരിച്ചത്. 160 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചതായി ഇന്ത്യൻ എംബസി ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും നിരവധി പേർ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ മരണപ്പെട്ടതായാണ് സൂചന. എന്നാൽ ഇത് സംബന്ധമായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുന്നുണ്ട്. ദുരുന്തത്തില്‍ മരിച്ചതായി സംശയിക്കുന്ന കണ്ണൂർ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തി. മറ്റു രണ്ടു മലയാളികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം അയച്ചിരുന്നു.
ദബയ്യയിലും ജഹ്റയിലും സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. ദബയ്യയിലെ ജോലിസ്ഥലത്ത് ഒരു പ്രവാസി മരിച്ചതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. ജഹ്റയിൽ മറ്റൊരു പ്രവാസിയെയും മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.
കുവൈത്ത് സിറ്റി: മദ്യ ഉൽപാദനത്തിലും വിതരണത്തിലും ഉൾപ്പെട്ട വൻ ക്രിമിനൽ സംഘം പിടിയിൽ. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 67 പേരെ അറസ്റ്റുചെയ്തു. നിരവധി മദ്യ നിർമാണ കേന്ദ്രങ്ങൾ പരിശോധനയിൽ കണ്ടെത്തി.
സാൽമിയയിൽ നടത്തിയ പരിശോധനയിൽ മെഥനോളുമായി നേപ്പാൾ പൗരൻ അറസ്റ്റിലായി. വിൽപനക്കായി ഇവ തയാറാക്കിയതായും ഇയാൾ സമ്മതിച്ചു. കൂടുതൽ അന്വേഷണങ്ങളിൽ മദ്യ നിർമാണത്തിലും വിതരണത്തിലും പങ്കാളികളായ ഒരു ഇന്ത്യൻ പൗരനും മറ്റൊരു നേപ്പാൾ സ്വദേശിയും പിടിയിലായി. ശൃംഖലയുടെ മുഖ്യ സൂത്രധാരനെയും ബംഗ്ലാദേശി പൗരനെയും കസ്റ്റഡിയിലെടുത്തു.
രാജ്യത്തുടനീളം നടത്തിയ സമാന്തര സുരക്ഷാ നടപടികളിൽ, അനധികൃത മദ്യത്തിന്റെ നിർമാണത്തിലും വിൽപനയിലും ബന്ധമുള്ള 67 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ആറ് ഫാക്ടറികൾ കണ്ടെത്തുകയും ചെയ്തു. റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് നാല് ഫാക്ടറികൾ അടച്ചുപൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.