വിമാനത്താവള ആക്രമണം: ഐ.സി.എ.ഒക്ക് പരാതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യോമാതിർത്തി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിൽ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കെതിരെ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (​ഐ.സി.എ.ഒ) പ്രതിഷേധ കത്ത് നൽകി. ഇത് രണ്ടാം തവണയാണ് കുവൈത്ത് ഐ.സി.എ.ഒക്ക് പ്രതിഷേധ കത്ത് നൽകുന്നത്. മാർച്ച് 22 ന് ആദ്യ പ്രതിഷേധ കത്ത് നൽകിയതിന് ശേഷം ഇറാൻ ആക്രമണങ്ങൾ തുടർന്നതിനെ തുടർന്നാണ് രണ്ടാം കത്ത്.

ഇറാൻ നടപടി അന്താരാഷ്ട്ര വ്യോമയാന കരാറുകളുടെ ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. യാത്രക്കാർ, വിമാനക്കമ്പനികൾ, വിമാനത്താവള ജീവനക്കാർ, വിമാനത്താവള സൗകര്യങ്ങൾ എന്നിവക്ക് ആക്രമണം നേരിട്ടുള്ള ഭീഷണിയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.

ബുധനാഴ്ച ടെർമിനൽ- 1 ലക്ഷ്യമിട്ട് നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ മരണവും ഗുരുതരമായ പരിക്കുകളും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായതായി അതോറിറ്റി ചൂണ്ടിക്കാട്ടി. വ്യോമഗതാഗതം നിർത്തിവെക്കുന്നതിനും, കുവൈത്ത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനും ഇത് കാരണമായി. വ്യോമഗതാഗത സേവനങ്ങളെയും യാത്രക്കാരെയും നേരിട്ട് ബാധിച്ചു.

ഫെബ്രുവരി 28 ന് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിന് ശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ടെർമിനൽ 1ൽ നിന്നും വിദേശ വിമാനക്കമ്പനികൾ പ്രവർത്തനം പുനരാരംഭിച്ച് 48 മണിക്കൂറിനനിടെയാണ് പുതിയ ആക്രമണം സംഭവിച്ചത്.

ഇത്തരം നടപടികൾ ആവർത്തിക്കുന്നത് തടയാൻ വ്യക്തമായ നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വ്യോമാതിർത്തി, സിവിൽ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും യാത്രക്കാർ, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ അവകാശങ്ങളും കുവൈത്തിനുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Airport attack: Kuwait files complaint to ICAO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.