സുരക്ഷപരിശോധന തുടരുന്നു; 678 നിയമലംഘനങ്ങൾ, നിരവധി പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷപരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും ചേർന്ന് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 678 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 432 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി.
പിടികിട്ടേണ്ട 72 പേർ, താമസ നിയമം ലംഘിച്ച 53 പേർ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 19 പേർ, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകളിലെ നാലു പേർ, അനധികൃതമായോ ക്രമരഹിതമായോ ജോലി ചെയ്തിരുന്ന 16 പേർ, വ്യാജ ഔദ്യോഗിക രേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിലെ ഒരാൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
മദ്യം കൈവശം വെച്ചുള്ള കേസുകൾ, കണ്ടുകെട്ടേണ്ട വാഹനങ്ങൾ പിടിച്ചെടുക്കൽ, തെരുവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധനയിൽ കൈകാര്യം ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യുകയും ലൈസൻസില്ലാത്ത ഒരു സലൂൺ അടച്ചുപൂട്ടുകയും ചെയ്തു. ചട്ടങ്ങൾ പാലിക്കാതെ മത്സ്യം കടത്തുകയും വിൽക്കുകയും ചെയ്തതിന് ഫൈലക ദ്വീപിൽ 11 പേരും അറസ്റ്റിലായി. വേട്ടയാടലിന് ഉപയോഗിക്കുന്ന നാല് തോക്കുകളുമായി ഏഴ് പേരെയും അറസ്റ്റ് ചെയ്തു.
ലഹരിമരുന്നുമായി ഒമ്പത് പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അഞ്ച് വ്യത്യസ്ത കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കടത്തുന്നതിനും സ്വന്തം ആവശ്യത്തിനുമായി കരുതിയിരുന്ന 708 ഗ്രാം മെത്താംഫെറ്റമിൻ, 530 ഗ്രാം ഹാഷിഷ്, 200 ഗ്രാം ഹെറോയിൻ, 320 സൈക്കോട്രോപിക് ഗുളികകൾ, 120 ക്യാപ്റ്റഗോൺ ഗുളികകൾ, ലഹരിവസ്തുവിൽ മുക്കിയ 120 പേപ്പറുകൾ, അഞ്ച് ത്രാസുകൾ, മൂന്ന് ലിറിക്ക ക്യാപ്‌സ്യൂളുകൾ, പുകയില, പണം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
മറ്റൊരു സംഭവത്തിൽ, അഹ്‌മദി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഫഹഹീലിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 'തൻബാക്' എന്ന ലഹരിവസ്തുവും അത് വിറ്റുകിട്ടിയ പണവും കണ്ടെടുത്തു. നാടുകടത്തൽ വിഭാഗം തിരയുന്ന ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.