കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമയാന കമ്പനികൾ എയർബസ് എ320 തരം വിമാനങ്ങളുടെ സാങ്കേതികസംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) അറിയിച്ചു. കുവൈത്ത് വിമാനക്കമ്പനികളുടെ വേഗത്തിലുള്ള പ്രതികരണത്തിനും വ്യോമയാനരംഗത്തും യാത്രക്കാരുടെ സുരക്ഷയിലും അവർ കാണിക്കുന്ന താൽപര്യത്തിനും അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി നന്ദി രേഖപ്പെടുത്തി. അതേസമയം, എയർബസ് എ320 വിമാനങ്ങളുടെ അപ്ഡേഷൻ തുടരുന്നതിനാൽ ചില വിമാനങ്ങളുടെ നേരിയ കാലതാമസത്തിനോ പുനഃക്രമീകരണത്തിനോ കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങളിൽ സാങ്കേതിക പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് എ320 വിമാനങ്ങളിൽ പരിഹാര നടപടികൾ ആരംഭിച്ചത്. സോഫ്റ്റ്വെയർ അപ്ഡേറ്റിന്റെ ഭാഗമായി ഏകദേശം 6000 എ320 വിമാനങ്ങൾ എയർബസ് തിരിച്ചുവിളിച്ചു. ഇത് ആഗോളതലത്തിൽ വിമാന സർവിസുകളെ ബാധിച്ചിരുന്നു. വിവിധ രാജ്യങ്ങളും കമ്പനികളും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വിമാന മോഡലുകളിൽ ഒന്നാണ് എയർബസ് എ320.
തീവ്രമായ സൗരോർജ വികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എയർബസ് അടിയന്തരമായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.