കുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിൽ കോഴിക്കോട്, കണ്ണൂർ സർവിസുകൾ റദ്ദാക്കിയതോടെ രണ്ടു വിമാനത്താവളങ്ങളിലേക്കും മറ്റു വിമാന കമ്പനികൾ നേരിട്ട് സർവിസ് ആരംഭിക്കണമെന്ന് ആവശ്യം.
ഈ രണ്ടു വിമാനത്താവളങ്ങളിലേക്കും കുവൈത്തിൽ നിന്ന് എയർ ഇന്ത്യഎക്സ്പ്രസ് സർവിസ് മാത്രമാണുള്ളത്. കോഴിക്കോട്-കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ അഞ്ചും കണ്ണൂരിലേക്ക് രണ്ടു ദിവസവുമാണ് സർവിസ്. ഇവയുടെ വൈകലും മുടക്കവും പതിവാണ്. അതിനിടെയാണ് വിന്റർ ഷെഡ്യൂളിൽ സർവിസുകൾ പൂർണമായും നിർത്തിയത്.
കോഴിക്കോട്ടേക്ക് കുവൈത്ത് ദേശീയ വിമാനങ്ങളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയുടെ സേവനം ആരംഭിക്കണമെന്ന ആവശ്യം ഇതോടെ ഉയർന്നു. ഇതിനായി പ്രവാസികൾ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിലക്കുന്ന പശ്ചാത്തലത്തിൽ ഈ ആവശ്യം കൂടുതൽ ശക്തമായി. അതേസമയം, കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ ഇന്ത്യൻ വിമാനങ്ങളെ മാത്രമേ നിലവിൽ ആശ്രയിക്കാനാകൂ. കുവൈത്തിൽ നിന്ന് നേരിട്ടല്ലാതെ കണ്ണൂരിലേക്ക് ഇൻഡിഗോ സർവിസ് നടത്തുന്നുണ്ട്. ഇത് നേരിട്ടാക്കി സർവിസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ആവശ്യം. വിദേശ ഫ്ലൈറ്റുകൾ ഇറങ്ങുന്നതിന് പോയിന്റ് ഓഫ് കാൾ പദവി ലഭിക്കുന്നതിന് രണ്ടു വർഷങ്ങളായി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ സമരം നടത്തി വരികയാണ്. നിലവിലെ പശ്ചാത്തലത്തിൽ സമരപരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.
പ്രവാസികളോടുള്ള അനീതി -കെ.ഇ.എ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ കെ.ഇ.എ കുവൈത്ത് ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഇത് കുവൈത്ത് പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ മറ്റു വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് നടപടി ഈ മേഖലയിലേക്കുള്ള യാത്രക്കാരെ വലിയതോതിൽ ബാധിക്കും. സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ സ്വന്തം നാട്ടിലെത്തുന്നതിന് നേരിട്ടുള്ള സർവീസുകൾ സഹായകരമായിരുന്നു. സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കെ.ഇ.എ ഭാരവാഹികൾ വ്യക്തമാക്കി.
പ്രതിഷേധാർഹം -ഒ.ഐ.സി.സി
കുവൈറ്റ് സിറ്റി: കോഴിക്കോട്, കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയ നടപടിയിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖല അവഗണിക്കപ്പെടുന്നത് ഗുരുതര അനീതിയാണ്. വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്താനും മടങ്ങിപ്പോകാനും ലഭ്യമായ നേരിട്ടുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്സ്പ്രസ്. റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഇത്തരം വിവേചനപരമായ തീരുമാനങ്ങൾ ആവർത്തിക്കരുതെന്നും ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു.
പുനഃപരിശോധിക്കണം- കെ.ഐ.സി
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. കുവൈത്തിൽ നിന്ന് ഈ രണ്ട് റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവീസ് നടത്തിയിരുന്നത്. പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു.
സർവീസുകൾ നിലക്കുന്നതോടെ യാത്രക്കാർ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത് യാത്രാസമയവും ചെലവും വർധിപ്പിക്കും. കോഴിക്കോട്, കണ്ണൂർ ഉൾപ്പടെ മലബാർ മേഖലയിലേക്കുള്ള നിരവധി സാധാരണക്കാരായ യാത്രികരെ സാരമായി ബാധിക്കുന്ന എയർ ഇന്ത്യയുടെ നടപടി പുന:പരിസശോധിക്കണമെന്നും കേന്ദ്ര-കേസംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് കനത്ത തിരിച്ചടി -മാക് കുവൈത്ത്
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രെസ് കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ വിമാന സർവീസ് ഒക്ടോബർ മുതൽ റദ്ദാക്കിയ തീരുമാനം പ്രതിഷേധാർഹമെന്ന് മലപ്പുറം ജില്ല അസോസിയേഷൻ (മാക്). മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏക ആശ്രയമാണ് ഈ വിമാനത്താവളങ്ങൾ. മറ്റ; വിമാനക്കമ്പനികളുടെ നേരിട്ടുള്ള സർവ്വീസുകൾ ഇവിടേക്ക് ഇല്ലാത്തതിനാൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മനുഷത്യരഹിത നടപടിയിൽ പ്രവാസികൾ കടുത്ത നിരാശയിലാണ്.
ഇവിടേക്കുള്ള യാത്രക്കാർ ഇനി മുറ്റു എയർപോർട്ടുകളെയും കണക്ഷൻ വിമാനങ്ങളെയും ആശ്രയിക്കേണ്ടിവരും. ഇത് വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. മേഘലയിലെ ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാൻ, എത്രയും പെട്ടെന്ന് സർവ്വീസുകൾ പുനരാരംഭിക്കാൻ നടപടി കൈക്കൊള്ളണമെന്നും മലപ്പുറം ജില്ല അസോസിയേഷൻ ആവശ്യപ്പെട്ടു.
യാത്ര പ്രശ്നം കൂടുതൽ സങ്കീർണമാക്കും - കെ.എം.സി.സി
കുവൈത്ത് സിറ്റി: മലബാർ മേഖലയിൽലെ ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നിർത്തലാക്കുന്നത് പ്രതിഷേധാർഹവും പ്രവാസികളോടുള്ള അനീതിയുമാണെന്ന് കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഈ എയർപോർട്ടുകളിൽ നിന്നും യാത്ര ചെയ്യുന്നത്.
വിമാനനങ്ങൾ നിർത്താലാക്കിയത് വഞ്ചനപരവും നീതീകരിക്കാനാവാത്തതുമാണ്. കുവൈത്തിൽ നിന്നും നേരിട്ട് കോഴിക്കോടേക്ക് ഈ വിമാനം മാത്രമാണുള്ളത്. അത് നിർത്തലാക്കുന്നത്തോടെ പ്രവാസികളുടെ യാത്ര പ്രശ്നം കൂടുതൽ സങ്കീർണമാവും.
തീരുമാനം പുനപരിശോധിക്കാൻ എയർ ഇന്ത്യ മാനേജ്മന്റ് തയാറാവണമെന്നും സർവീസുകൾ പുനസ്ഥാപിക്കണമെന്നും ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, ട്രഷറർ ഗഫൂർ അത്തോളി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.