കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും മറ്റു വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് വെട്ടിക്കുറച്ചത് ഉടൻ പുന:സ്ഥാപിക്കില്ലെന്ന് സൂചന. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിമാനം വെട്ടിക്കുറച്ചത് ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമാണെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ മറുപടി.
എന്നാൽ ഉടൻ ഇവ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയില്ല. ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയത്. 2026ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സർവിസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവിസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നുമാണ് എയര്‍ ഇന്ത്യ അധികൃതർ അറിയിച്ചത്.
ഇതോടെ കുവൈത്തിൽ നിന്നടക്കം കേരളത്തിലേക്കുള്ള റദ്ദാക്കിയ സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ മങ്ങി. അതേസമയം, ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവാത്തതാണ്. ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.
കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള വിമാന സർവിസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സർവിസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തിയതും സൂചിപ്പിച്ചു. ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഏകപക്ഷീയമായി എടുക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.