കുവൈത്ത് സിറ്റി: അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളിലും അധികാരക്കൈമാറ്റത്തിലും കരുതലോടെ പ്രതികരിച്ച് കുവൈത്ത്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നയതന്ത്ര ബന്ധത്തെക്കുറിച്ചോ പിന്തുണ നൽകുന്നത് സംബന്ധിച്ചോ കുവൈത്ത് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രക്തച്ചൊരിച്ചിൽ തടയുന്നതിനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകുന്നതിനും പരമാവധി സംയമനം പാലിക്കണമെന്ന് എല്ലാ വിഭാഗങ്ങളോടും കുവൈത്ത് ആവശ്യപ്പെട്ടു.
കുടുങ്ങിക്കിടക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചു പോക്കിന് വഴി ഒരുക്കണം. അഫ്ഗാനിസ്താെൻറ സുരക്ഷയും സുസ്ഥിരതയും നിലനിർത്തി ജനങ്ങളുടെ അവകാശങ്ങളും നല്ല ജീവിതവും സംരക്ഷിക്കാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
പൊതുവെ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കുവൈത്ത് അനാവശ്യമായി ഇടപെടാറില്ല. സമന്വയത്തിെൻറയും സമാധാനത്തിെൻറയും സന്ദേശവുമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെട്ട ചരിത്രമാണ് കുവൈത്തിനുള്ളത്. അതിനിടെ മുൻ എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, നാസർ അൽ ദുവൈല എന്നിവർ താലിബാനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു.
കുവൈത്ത് പാർലമെൻറ് കൈയേറ്റക്കേസിൽ കോടതി ശിക്ഷിച്ചതോടെ തുർക്കിയിൽ അഭയം തേടി കഴിയുകയാണ് പ്രതിപക്ഷത്തെ പ്രധാന നേതാവായിരുന്ന ഡോ. വലീദ് അൽ തബ്തബാഇ. കുവൈത്തിലെ അഫ്ഗാൻ പൗരന്മാരിൽ ചിലർ താലിബാൻ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരവിതരണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.