ജോബി ബേബി (നഴ്‌സ് കുവൈത്ത്)
തന്റെ പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ നഴ്സുമാരെ അധിക്ഷേപിച്ചു വിവാദ പ്രസ്താവന നടത്തിയ കങ്കണ റണൗട്ടിന്റെ പ്രതികരണം അങ്ങേയറ്റം അപലപനീയമാണ്. നഴ്‌സ്മാരോട് സമൂഹം കൂടുതൽ ബഹുമാനം കാണിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണ സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയായിരുന്നു. കങ്കണ റണൗട്ട് നഴ്സുമാരുടെ വേഷത്തെപ്പറ്റിയും, നഴ്സിംഗ് ഏറ്റവുമധികം ലൈംഗികവല്‍കരിക്കപ്പെട്ട തൊഴിലാണ് എന്ന് നടത്തിയ പ്രസ്താവനയും നഴ്സുമാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. നഴ്സുമാർ രോഗികളെ പരിചരിക്കുന്ന ത്യാഗം ഒരിക്കലും വിസ്മരിക്കരുത്. എത്രത്തോളം ആധികാരികമായിയാണ് അവർ അത് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല.
നിലവിൽ ഇന്ത്യയിൽ 20 മുതൽ 25 ലക്ഷം വരെ നഴ്‌സുമാർ സജീവമായി ജോലി ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. വിദേശത്തു ജോലി നോക്കുന്നവരെയും കൂടി ചേർത്താൽ ഇതിൽ അധികമായി വരും. ഇവരെല്ലാവരും മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തു പോരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് രൂപപ്പെട്ട നഴ്സുമാരുടെ വേഷരീതിയും, തുടർന്ന് ലോകയുദ്ധകാലത്ത് യു.എസ് സേനയിലെ നഴ്സുമാരുടെ വേഷഭാവവും അനുകരിച്ച് ഇന്ത്യയിൽ നിലനിന്ന വേഷങ്ങളും എന്നേ പോയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ അയക്കുന്ന പണം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കെട്ടിപ്പടുക്കുന്നതിൽ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത് എന്നും മറക്കാൻ പാടുള്ളതല്ല. കങ്കണ റണൗട്ട് വിവാദ പ്രസ്താവന പിൻവലിക്കുകയും നഴ്സിംഗ് സമൂഹത്തോട് മാപ്പ് പറയുകയും വേണം. നഴ്‌സ്മാരുടെ യൂണിഫോം അല്ല, ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത് എന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു കൊള്ളട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.