കുവൈത്ത് സിറ്റി: രാജ്യത്ത് താമസം മാറിയിട്ടും വിലാസം മാറാത്തവർക്കെതിരെ നടപടി തുടരുന്നു. തെറ്റായ വിലാസത്തിൽ തുടരുന്നവർക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) നടപടി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള 531 പേരുടെ വിലാസങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
30 ദിവസത്തിനുള്ളിൽ ഇവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ 100 ദീനാർ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്കി. വിലാസങ്ങൾ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫിസിൽ നേരിട്ട് ഹാജരായോ അല്ലെങ്കിൽ 'സഹ്ൽ' ആപ്പ് വഴിയോ രേഖകൾ സമർപ്പിച്ച് പുതുക്കേണ്ടത്.
അതിനിടെ വ്യാജ വിലാസം നല്കി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വര്‍ദ്ധിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറു മുതല്‍ 150 ദിനാർ വരെ ഈടാക്കി നല്കുന്ന വ്യാജ വിലാസങ്ങള്‍ മാസങ്ങൾക്ക് ശേഷം റദ്ദാകുന്ന സാഹചര്യവുമുണ്ട്. ഒരു അപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്യാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വന്നതോടെ യഥാർഥ വിലാസം നൽകാൻ കഴിയാതെ വരുന്നവരും ഉണ്ട്.
സിവിൽ ഐഡിയിലെ വിലാസം ലളിതമായ നടപടികളിലൂടെ മാറ്റാം. മുൻകൂർ അപ്പോയ്മന്റ് എടുത്ത് ഇതിന് ശരിയായ ഡോക്യുമെന്റേഷനും ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റും ആവശ്യമാണ്. പാസി ഓഫിസിൽ എത്തിയാണ് രേഖകൾ മാറ്റേണ്ടത്. പാസി വെബ്സൈറ്റ് അല്ലെങ്കിൽ സഹൽ ആപ് വഴി അപ്പോയ്മെന്റ് എടുക്കാം. അപ്പോയ്മെന്റ് ലഭിച്ചാൽ പാസി ഓഫിസിൽ എത്തി ഡോക്യുമെന്റുകൾ സബ്മിറ്റ് ചെയ്യാം. തുടർന്ന് പുതിയ അഡ്രസ് നൽകുകയും പുതിയ സിവിൽ ഐ.ഡി കാർഡിന് അഞ്ചു ദീനാർ അടക്കുകയും വേണം. പുതിയ സിവിൽ ഐ.ഡി തയാറായാൽ എസ്.എം.എസ് വഴി അറിയിക്കും. തുടർന്ന് പാസി ഓഫിസിലെത്തി അവ സ്വീകരിക്കാം.
ആവശ്യമായ വസ്തുക്കൾ
സിവിൽ ഐ.ഡി (ഒറിജിനൽ+ കോപ്പി)
പാസ്പോർട്ട് (ഒറിജിനൽ + കോപ്പി)
പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ
പുതിയ താമസ സഥലത്തെ രേഖകൾ, വൈദ്യുതി ബിൽ
ലീസ്ഹോൾഡറിൽ നിന്നുള്ള എൻ.ഒ.സി
ലീസ്ഹോൾഡറുടെ സിവിൽ ഐ.ഡി
അപ്പാർട്മെന്റിന്റെ ഫോട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.