കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥമാറ്റ ലക്ഷണങ്ങൾ. ഏതാനും ദിവസങ്ങളായി ചൂട് വലിയ തോതിൽ കുറഞ്ഞു. രാത്രി സുഖകരമായ കാലാവസ്ഥയുമാണ്. തിങ്കളാഴ്ച ഉച്ചയോടെ ചെറിയ രൂപത്തിലുള്ള കാറ്റും പൊടിയും അന്തരീക്ഷത്തിൽ വ്യാപിച്ചു. ഇത് ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
വടക്ക് പടിഞ്ഞാറ് നിന്ന് വരുന്ന ഉയർന്ന മർദത്തിന്റെ വികാസം രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് മിതമായതോ സജീവമായതോ ആയ വടക്ക് -പടിഞ്ഞാറൻ കാറ്റിന് ഇടയാക്കും. കാറ്റ് ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലായിരിക്കും.
കാറ്റിന്റെ വേഗം പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കുകയും ചെയ്യും. ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകും. ബുധനാഴ്ച വൈകുന്നേരം കാലാവസ്ഥ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 39 നും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. കുറഞ്ഞ താപനില 26നും 29 നും ഇടയിലായിരിക്കുമെന്നും ധരാർ അൽ അലി അറിയിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ രാജ്യം സൗമ്യമായ കാലാവസ്ഥയിലേക്ക് പ്രവേശിക്കുകയും താപനില ക്രമാനുഗതമായി കുറഞ്ഞുവരികയും ചെയ്യും. ഇതിനൊപ്പം പകലിന്റെ ദൈർഘ്യവും കുറഞ്ഞുവരും. അടുത്ത ആഴ്ചയോടെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.