കുവൈത്ത് സിറ്റി: സൗദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തിൽ കുരുങ്ങിയ തിരുവനന്തപുരം സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തിൽ നാട്ടിലെത്തി. പാങ്ങോട് സ്വദേശി ഷെമീറിനാണ് കുവൈത്തിലെ മലയാളികൾ ആശ്വാസമായത്. സൗദിയിൽ ജോലി ചെയ്തിരുന്ന ഷെമീർ കോവിഡ് കാലത്ത് നാട്ടിലെത്തിയിരുന്നു. തുടർന്ന് പുതിയ വിസയിൽ കഴിഞ്ഞ ദിവസം സൗദിയിലേക്ക് തിരിച്ചു. കുവൈത്ത് എയർവേസിൽ തിരുവനന്തപുരത്തുനിന്ന് കുവൈത്ത് വഴിയാണ് സൗദിയിലേക്ക് പുറപ്പെട്ടത്. എന്നാൽ, പഴയ വിസയുടെ കാൻസലേഷൻ പൂർത്തിയാകാതിരുന്നതിനാൽ സൗദിയിലെ ദമ്മാമിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ദമാം ഇമിഗ്രേഷൻ വിഭാഗം അതേ ദമ്മാം-കുവൈത്ത് -തിരുവനന്തപുരം വിമാനത്തിൽ ഷെമീറിനെ തിരികെയയച്ചു. എന്നാൽ, കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഈ വിമാനത്തിൽ സീറ്റുണ്ടായിരുന്നില്ല. ഇതോടെ ഷെമീർ കുവൈത്ത് വിമാനത്താവളത്തിൽ കുരുങ്ങി. 11ാം തീയതി മാത്രമേ കുവൈത്ത് എയർവേസിൽ തിരുവനന്തപുരത്തേക്ക് സീറ്റ് ഉള്ളൂവെന്നും അധികൃതർ അറിയിച്ചു.
ഷെമീർ കെ.കെ.എം.എ കേന്ദ്ര മതകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുൽ ഖലാം മൗലവിയെ ബന്ധപ്പെട്ടു. അദ്ദേഹം എംബസി ഉദ്യോഗസ്ഥൻ അബ്ദുല്ലയെ വിവരം അറിയിക്കുകയും, സാമൂഹിക പ്രവർത്തകനും എംബസി വളന്റിയറും ഐ.സി.എഫ് ലീഡറുമായ സമീർ മുസ്ലിയാർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെ കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ലീഡർ ഷമ്മാസ് സുഹൃത്ത് വഴി ഭക്ഷണം ലഭ്യമാക്കുകയും ചെയ്തു.
കുവൈത്ത് എയർവേസിന് അടക്കാനുള്ള പണം ഷെമീറിന്റെ സുഹൃത്തുക്കൾ എത്തിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് പണം അടച്ചു. ഷെമീറിന്റെ സൗദിയിലുള്ള ബന്ധു കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ എയർലൈൻസിൽ ടിക്കറ്റ് എടുത്തു അയച്ചുനൽകി. ഇതോടെ ചൊവ്വാഴ്ച പുലർച്ച 2.10ന് ഷെമീർ നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.