കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാപരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം മഹ്ബൂലയിൽ വിപുലമായ സുരക്ഷാ, ഗതാഗത പരിശോധന നടന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശ പ്രകാരം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്സ് സെക്ടറുമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 437 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 32 വ്യക്തികളെ അറസ്റ്റ് ചെയ്തു. ഒമ്പത് പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. അധികൃതർ തിരയുന്ന ആറുപേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയൽ രേഖകൾ കൈവശം ഇല്ലാത്ത നാല് പേരെ കസ്റ്റഡിയിലെടുത്തു. ജുഡീഷ്യറി ആവശ്യപ്പെട്ട മൂന്ന് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പിടികൂടി. സംശയാസ്പദമായ ലഹരിവസ്തുക്കൾ കൈവശം വച്ച മൂന്ന് പേരെയും കണ്ടെത്തി. സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അസ്വാഭാവിക അവസ്ഥയിൽ കണ്ടെത്തിയ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും സുരക്ഷാ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ, താമസ, തൊഴിൽ നിയമങ്ങൾ എന്നിവ പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. നിഷേധാത്മകമായ പെരുമാറ്റം നിയന്ത്രിക്കുകയും പൊതു അച്ചടക്കം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പരിശോധനയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.