കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികളായിരുന്ന 40000 ആരോഗ്യ പ്രവർത്തകർക്ക് ബോണസ് ലഭിക്കും. 134 ദശലക്ഷം ദീനാറാണ് ഇതിന് കണക്കാക്കുന്നത്. പട്ടികയുടെ ആധികാരികതയും കൃത്യതയും ഉറപ്പുവരുത്താൻ സിവിൽ സർവിസ് ബ്യൂറോയും ധന മന്ത്രാലയവും ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. 2020 ഫെബ്രുവരി 24 മുതൽ മേയ് 31 വരെ കാലയളവിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തുണ്ടായിരുന്നവർക്കാണ് ബോണസ് നൽകുന്നത്.
പൊതുമേഖലയിലുള്ളവർക്ക് മാത്രമാണ് ബോണസ് നൽകുന്നത്. തുക ഏറ്റുവാങ്ങുന്നതിനു മുമ്പ് ഒാരോ തൊഴിലാളിയും സത്യവാങ്മൂലം എഴുതി നൽകണം. ബോണസ് വിതരണത്തിനുശേഷം ധനമന്ത്രാലയവും സിവിൽ സർവിസ് കമീഷനും പരാതി സമിതി രൂപവത്കരിക്കും. ബോണസ് ലഭിക്കാത്തതും തുക കണക്കാക്കിയതും സംബന്ധിച്ച് പരാതിയുള്ളവർക്ക് സമിതിയെ സമീപിക്കാം. അതിനിടെ ബോണസ് നൽകാൻ പണ ലഭ്യതക്കുറവ് ധനമന്ത്രാലയത്തെ അലട്ടുന്നുണ്ട്. തവണകളായി നൽകുന്നത് പരിഗണിക്കുന്നുണ്ട്.600 ദശലക്ഷം ദീനാറാണ് എല്ലാ വകുപ്പുകളിലുമായി കോവിഡ് ബോണസിനായി വേണ്ടിവരുക. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ്കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. 26 സർക്കാർ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ആനുകൂല്യത്തിന് അർഹരാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.