കുവൈത്ത് സിറ്റി: നജഫിലെ സംഘർഷം പോലുള്ള അടിയന്തര പ്രശ്നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിന് സർക്കാർതലത്തിൽ പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് ആവശ്യം.
നജഫിലെ സംഘർഷാവസ്ഥയെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ നിരവധി എം.പിമാരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. ഇറാഖിലെ സംഭവവികാസങ്ങൾ ഹോർമുസ് കടലിടുക്ക് അടക്കാൻ ഇറാനെ പ്രേരിപ്പിക്കുന്നതുൾപ്പെടെ ഭീഷണി ഉയർത്തിയേക്കുമെന്ന ആശങ്കയാണ് എം.പിമാർ പ്രകടിപ്പിച്ചത്.
ഇത്തരം സാഹചര്യങ്ങൾ വിലയിരുത്താനും വേണ്ട നിർദേശങ്ങൾ നൽകാനും പ്രത്യേക വിഭാഗത്തിന് രൂപം നൽകണമെന്നാണ് ആവശ്യം. ഇറാഖിൽ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പിനുശേഷം അസ്ഥിരമായ സാഹചര്യമാണുള്ളതെന്ന് എം.പി ഡോ. ഔദ അൽ റൂയി പറഞ്ഞു.
ഈ ഘട്ടത്തിൽ രാജ്യത്തും കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയൽ രാജ്യമായതിനാൽ ഇറാഖിലെ സംഘർഷങ്ങൾ സൂക്ഷ്മമായി വിലയിരുത്തണമെന്ന് പാർലമെൻറിലെ ആഭ്യന്ത–പ്രതിരോധ സമിതി മേധാവി അസ്കർ അൽ ഇൻസി എം.പി പറഞ്ഞു. കുവൈത്തിനോട് അടുത്തുള്ള തെക്കൻ ഇറാഖിലെ സ്ഥിതിഗതികൾ ഏതുരൂപത്തിൽ മാറിമറിയുമെന്ന് പറയാൻ പറ്റില്ലെന്ന് മുഹമ്മദ് അൽ ദലാൽ എം.പി. അഭിപ്രായപ്പെട്ടു.
ഇതോടൊപ്പമാണ് ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നത്. അതിനാൽ, മുൻകാലെത്തക്കാൾ ജാഗ്രത ഇക്കാര്യത്തിൽ വേണ്ടതുണ്ടെന്നും മുഹമ്മദ് അൽ ദലാൽ കൂട്ടിച്ചേർത്തു. പാർലമെൻറ് അംഗങ്ങളായ റിയാദ് അൽ അദസാനി, ഉസാമ അൽ ഷാഹീൻ, നായിഫ് അൽ മുദ്റാസ് എന്നിവരും വിഷയം ഗൗരവമായി കാണണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.