കുവൈത്ത് സിറ്റി: ചികിത്സാ നിയമത്തിൽ സുപ്രധാനമായ ഭേദഗതി നിർദേശങ്ങളടങ്ങിയ കരട് രേഖ കുവൈത്ത് ആരോഗ്യമന്ത്രാലയം തയാറാക്കി. ഇതു പ്രകാരം ഡോക്ടർമാരെ കൈയേറ്റം ചെയ്താൽ മൂന്നു വർഷം തടവും 5000 ദീനാർ പിഴയും ലഭിക്കും.
അസഭ്യം പറഞ്ഞാൽ ആറുമാസം തടവും 1000 ദീനാർ പിഴയുമാണ് ശിക്ഷ. ജോലി തടസ്സപ്പെടുത്തിയാൽ അഞ്ചുവർഷം തടവും 10,000 ദീനാർ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമഭേദഗതി. രാജ്യത്ത് ആരോഗ്യ ജീവനക്കാർക്ക് നേരെയുള്ള കൈയേറ്റം വർധിച്ച സാഹചര്യത്തിലാണ് മന്ത്രാലയം കർക്കശ നിലപാട് സ്വീകരിച്ചത്.
ആശുപത്രി ജീവനക്കാർ നിരന്തരം കൈയേറ്റത്തിനിരയായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച നിയമം ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം ജീവനക്കാർ മന്ത്രിയെ സമീപിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നേരെയുള്ള കൈയേറ്റം ആരോഗ്യമന്ത്രാലയത്തിനും മന്ത്രിക്കും നേരെയുള്ള കൈയേറ്റമായി കണക്കാക്കി കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
നിയമ ഭേദഗതി പ്രകാരം രോഗികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പുറത്തുവിട്ടാൽ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്താനും വകുപ്പുണ്ട്. അഞ്ചു വർഷം തടവും 10,000 ദീനാർ പിഴയുമാണ് ഈ കുറ്റത്തിന് ശിക്ഷ ലഭിക്കുക. ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ അർധ നഗ്നദൃശ്യങ്ങൾ ഡോക്ടർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രാജ്യത്ത് വലിയ വിവാദമായിരുന്നു.
നൂതന ശസ്ത്രക്രിയ സംബന്ധിച്ച് സമൂഹത്തിന് അവബോധം നൽകുന്നതിനാണ് താൻ ഇത് ചെയ്തതെന്ന ഡോക്ടറുടെ വാദം പാതി അംഗീകരിച്ച് ഇയാൾക്ക് ചെറിയ ശിക്ഷ നൽകിയിരുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിയമപരിരക്ഷ ഉറപ്പുവരുത്തിയത്.
ലൈസൻസില്ലാതെ ചികിത്സിക്കുകയോ ക്ലിനിക്കോ മറ്റു ചികിത്സാ സ്ഥാപനങ്ങളോ നടത്തുകയോ ചെയ്താൽ അഞ്ചുവർഷം തടവും 10,000 ദീനാർ പിഴയും ഭേദഗതി ശിപാർശ ചെയ്യുന്നു.
അമ്മയുടെ ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ ഗർഭം അലസിപ്പിക്കുന്നത് നിരോധിച്ചു. അതേസമയം, ബലാത്സംഗത്തിലൂടെയാണ് ഗർഭധാരണമെങ്കിൽ സ്ത്രീയുടെ സമ്മതത്തോടെ ഗർഭം അലസിപ്പിക്കാൻ അനുവാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.